നല്ല മഴ ലഭിക്കുന്ന രാജ്യങ്ങളാണ് നെല്‍കൃഷിക്ക് അനുയോജ്യം – നെല്‍കൃഷി വളരെയധികം അദ്ധ്വാനം വേണ്ടുന്ന ഒരു കൃഷിയാണ്. മലഞ്ചരിവുകള്‍ അടക്കമുള്ള മിക്കവാറും എല്ലാ ഭൂപ്രദേശങ്ങളിലും നെല്ല് കൃഷി ചെയ്യാം. തെക്കേ, തെക്കു കിഴക്കേ ഏഷ്യയിലും ആഫ്രിക്കയുടെ മദ്ധ്യഭാഗങ്ങളിലും ആണ് നെല്ലിന്റെ ഉത്ഭവം. നെല്ലിന്‍റെ ശാസ്ത്രീയ നാമം – ഒറൈസ സറ്റൈവ (ഏഷ്യന്‍ നെല്ല്) എന്നാണ്. നൂറ്റാണ്ടുകളോളം നടന്ന കച്ചവടവും കയറ്റുമതിയും നെല്ലിനെ പല സംസ്കാരങ്ങളിലും സാധാരണമാക്കി. മനുഷ്യരാശിയുടെ ഭക്ഷണത്തിന്റെ അഞ്ചില്‍ ഒന്ന് കാലറി ലഭിക്കുന്നത് നെല്ലില്‍ നിന്നാണ്. കേരളീയരുടെ പ്രധാന ആഹാരമായ ചോറ് നെല്ല് കുത്തിയുണ്ടാക്കുന്ന അരിയില്‍നിന്നാണ്.
കേരളത്തിലെ ഗ്രാമീണര്‍ സുലഭമായി കൃഷിചെയ്തിരുന്ന ഒരു കാര്‍ഷികവിളയാണ് നെല്ല്. ഇന്ന് പാഠശേഖരങ്ങളുടെ കുറവുകൊണ്ടും, താളംതെറ്റിയെത്തുന്ന കാലാവസ്ഥകൊണ്ടും കര്‍ഷകര്‍ പുതുവിളകള്‍ തേടിപോയി. എങ്കിലും കേരളത്തിന്റെ ഭക്ഷ്യധാന്യമായ നെല്ല്, കൃഷിചെയ്യുന്നതില്‍ ഗ്രാമങ്ങള്‍ ഇന്നും സജീവമാണ്. നെല്‍ച്ചെടിയുടെ വളര്‍ച്ചയ്ക്ക് ധാരാളം ജലം ആവശ്യമായതുകൊണ്ട് മഴയെ ആശ്രയിച്ചാണ് പാടങ്ങളില്‍ നെല്‍കൃഷി ഒരുക്കുന്നത്.
വളരെ ശ്രമകരവും അദ്ധ്വാനവും വേണ്ട ഒന്നാണ് നെല്‍കൃഷി. കാലിവളവും പച്ചിലവളവും ധാരാളം ചേര്‍ത്ത് വെള്ളം കയറ്റിനിര്‍ത്തി പൂട്ടിയൊരുക്കിയശേഷം ഉഴവുമാടുകളെക്കൊണ്ട് കലപ്പ ഉപയോഗിച്ച് നിരപ്പ് ഒരുപോലെയാക്കുന്നു. ഇത് നിലത്തിന്റെ എല്ലാ സ്ഥലത്തും ഒരേയളവില്‍ വെള്ളം കിട്ടാനായിസഹായിക്കുന്നു. അതില്‍ നേരിട്ട് വിത്തു വിതയ്ക്കുകയോ നേരത്തെ തയ്യാറാക്കുന്ന ഞാറ് (ഇരുപത് – ഇരുപത്തഞ്ച് ദിവസത്തോളം പ്രായമുള്ള നെല്‍ച്ചെടികള്‍) വയലുകളിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കുകയോ ചെയ്യുന്നു. നെല്‍ച്ചെടികളോടൊപ്പം വളര്‍ന്നുപൊങ്ങുന്ന കളകളെ പറിച്ചുമാറ്റി, വളര്‍ച്ചയുടെ വിവിധദശകളില്‍ വിവിധ വളങ്ങളും ( രാസവളങ്ങളോ, ജൈവവളങ്ങളോ) നെല്‍ച്ചെടികള്‍ക്കു നല്‍കാറുണ്ട്. വിളവാകുമ്പോള്‍ നെല്‍ക്കതിരുകള്‍ കൊയ്തെടുത്ത് കറ്റകളാക്കി കെട്ടി മെതിസ്ഥലങ്ങളിലെത്തിക്കുന്നു. അവിടെവച്ച് കറ്റകള്‍ മെതിച്ച് നെല്ല് വേര്‍തിരിച്ചെടുക്കുന്നു. ഈ ജോലികള്‍ ധാരാളം മനുഷ്യാധ്വാനം വേണ്ടിവരുന്നവയാണ്. ബാക്കി വരുന്ന വൈക്കോല്‍ ഒരു നല്ല കാലിത്തീറ്റയാണ്. ഇത് ഉണക്കി വര്‍ഷം മുഴുവന്‍ ലഭ്യമാകുന്ന രീതിയില്‍ സൂക്ഷിച്ചുവക്കുന്നു. വൈക്കോല്‍ പുര മേയുവാനും ഉപയോഗിക്കുന്നു. ഇന്ന് എല്ലാ കൃഷിയുടെ എല്ലാ മേഖലയിലും യന്ത്രങ്ങള്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ ഗ്രാമങ്ങളില്‍ മഴയുടെ ലഭ്യതയനുസരിച്ച് മൂന്നുതരം കൃഷിസംമ്പ്രദായം നിലനില്‍ക്കുന്നു. അവ വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നിവയാണ്. എന്നാല്‍ കൊല്ലത്തില്‍ കൂടുതല്‍ മഴ ലഭിക്കുകയും വെള്ളക്കെട്ടുകള്‍ കൂടുതലുള്ളതുമായ കുട്ടനാടന്‍ കായല്‍നിലങ്ങള്‍ തൃശ്ശൂരിലെ കോള്‍പാടങ്ങള്‍ എന്നിവിടങ്ങളിലെ കൃഷിരീതികള്‍ വ്യത്യസ്ഥമാണുതാനും.
കേരളത്തിലെ പരമ്പരാഗത നെല്‍കൃഷിയിലെ മൂന്ന് കൃഷിവേളകളിലാദ്യത്തേതാണ് വിരിപ്പ്. മേടമാസത്തില്‍ ( ഏപ്രില്‍- മേയ് മാസങ്ങളില്‍) കാലവര്‍ഷം തുടങ്ങുന്നതിനുമുമ്പ് (വിഷുദിനത്തിലാണ് സാധാരണ കര്‍ഷകര്‍ പാടമൊരുക്കാന്‍ തുടങ്ങുന്നത്) കര്‍ഷകര്‍ പാടങ്ങളൊരുക്കി വിത്ത് വിതച്ച് (ചിലയിടങ്ങളില്‍ ഞാറു പറിച്ചു നടലും പതിവുണ്ട്) വിരിപ്പ് കൃഷി ആരംഭിക്കുന്നു. ചിങ്ങം-കന്നിയോടെ (ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍) വിളവെടുപ്പും നടത്തുന്നു. വിരിപ്പുകൊയ്ത്തിനെ കന്നിക്കൊയ്ത്ത് എന്നു പറയാറുണ്ട്. ഇക്കാരണത്തല് വിരിപ്പൂകൃഷിയെ കന്നികൃഷി അഥവാ കന്നിപ്പൂവ് എന്നും പറയുന്നു.
രണ്ടാമത്തെ വിളവായി ഇറക്കുന്നതാണ് മുണ്ടകന്‍ പൂവ്/പൂല്. ചിങ്ങം-കന്നിയോടെ (ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍) കൃഷി തുടങ്ങുകയും ധനു-മകരത്തോടെ (നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍) വിളവെടുപ്പും നടത്തുന്നു. മുണ്ടകന്‍ കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നാണ് മുണ്ടകന്‍ അറിയപ്പെടുന്നത്. വിരിപ്പൂകൃഷിയേക്കാള്‍ ഒരുപാട് ശ്രദ്ധയും പരിഗണനയും ഈ ചെയ്യുന്ന കൃഷിയ്ക്ക് വേണം. വിത്ത് വിതക്കുന്നതിനേക്കാള്‍ കൂടുതല്‍ വിളവ് ഞാറു പറിച്ചു നടുമ്പോള്‍ ലഭിക്കുമെന്നതിനാല്‍ മുണ്ടകനാണ് വിരിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ വിളവ് ലഭിക്കുന്നത്. അതിനാല്‍ കര്‍ഷകര്‍ ഏറെ താത്പര്യത്തോടെയും ശ്രദ്ധയോടെയുമാണ് മുണ്ടകന്‍ വിളവിനെ കാണുന്നത്.
കേരളത്തിലെ കുട്ടനാടന്‍ പ്രദേശങ്ങഷിലാണ് സാധാരണ പുഞ്ചകൃഷി കണ്ടുവരുന്നത്. ആഴം കൂടിയ കുണ്ടുപാടങ്ങളിലും കായല്‍നിലങ്ങളില്ലുമാണ് ഈ കൃഷിചെയ്യുന്നത്. വെള്ളത്തിന്‍റെ നിലയനുസരിച്ച് വൃശ്ചികമാസത്തിലോ ധനുവിലോ മകരത്തിലോ (ഡിസംബര്‍ – ജനുവരി മാസങ്ങളില്‍) പുഞ്ചകൃഷി ആരംഭിക്കുന്നു. പുഞ്ച കൃഷി ചെയ്യുന്ന കുണ്ടുപാടങ്ങളിലും കായല്‍ നിലങ്ങളിലും ജൈവാംശത്തിന്റെ അളവ് കൂടുതലായതിനാല്‍ പുഞ്ചയുടെ വിളവ് മേല്‍ത്തരമായിരിക്കും. മീനംമേടത്തിലാണ് (മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍) വിളവെടുപ്പ് നടത്തുന്നത്.
Discussion about this post