കുറച്ചു കാലമായി ബൂലോകത്ത് നായര്‍, നമ്പൂതിരി എന്നീ സമുദായങ്ങളെ വളരെ നികൃഷ്ടമായി അസഭ്യം പറയുന്ന ബ്ലോഗ് പോസ്റ്റുകള്‍ ധാരാളം ഉണ്ടായിരുന്നു എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അടുത്തകാലത്ത് അവയെല്ലാം മറയ്ക്കപ്പെടുകയോ മായ്ക്കപ്പെടുകയോ ചെയ്തതായി കാണുന്നു. ആ ബ്ലോഗ്ഗുകളിലെ ചില പോസ്റ്റുകള്‍ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഉതകുന്ന വിഷയം ഉള്ളതായിരുന്നുവെങ്കിലും അതിലെ അസഭ്യമായ ഭാഷാപ്രയോഗം കൊണ്ട് വായിച്ചു തീര്‍ക്കാന്‍ പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയായിരുന്നു എന്നതാണ് സത്യം. ‘സത്യത്തിന്‍റെ മുഖം വികൃതമാണ്’ എന്ന് പറയാറുണ്ടെങ്കിലും സത്യം എഴുതുന്ന ഭാഷ വികൃതമാകാതെ നോക്കണം എന്നൊരു അറിവുകൂടി അവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.
എത്രത്തോളം അമൃത് നമ്മുടെ കൈവശം ഉണ്ടെങ്കിലും അതില്‍ അല്പം കാളകൂടവിഷം ചേര്‍ന്നാല്‍ ഉപയോഗശൂന്യമാകും എന്നൊരു സുഭാഷിതം കേട്ടിട്ടുള്ളത് ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നു. നമ്മള്‍ ഓരോരുത്തരിലും പ്രകൃത്യാതന്നെയുള്ള കാളകൂടവിഷം കഴിയുന്നിടത്തോളം നിയന്ത്രിച്ചു, അമൃത് കൂടുതലായി ഉപയോഗിച്ചു ശീലിച്ചാല്‍ അത് ലോകോപകാരപ്രദമാവും എന്ന് നിശ്ചയം.
ജാതി, മതം എന്നൊക്കെയുള്ള ചിന്തകള്‍ വ്യാവഹാരിക ലോകത്തില്‍ വച്ചുപുലര്‍ത്തുന്നത് ഒരിക്കലും ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്നതിനോട് എല്ലാവരും നിസ്സംശയം യോജിക്കും. ഞാന്‍ സവര്‍ണ്ണനാണ് എന്നത് എന്തോ വലിയ കാര്യമാണ് എന്ന് കരുതുന്നതും അത് മനസ്സില്‍ വച്ച് മറ്റൊരാളോട് അപമര്യാദയായോ അപക്വമായോ പെരുമാറുന്നതും ഒരിക്കലും നല്ലതല്ല, അതിലുപരി കുറ്റകരവുമാണ്.
അതേസമയം, ഒരാള്‍ക്ക് താന്‍ അവര്‍ണ്ണനാണ് അഥവാ സവര്‍ണ്ണനല്ല എന്ന ചിന്തയും നന്നല്ല. അതൊരു അപമാനമായും ഒരിക്കലും കരുതാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും സ്വയം ചിന്തിച്ചാല്‍ അത് അപകര്‍ഷതാബോധം കൊണ്ടാണ് എന്നു കരുതേണ്ടിയിരിക്കുന്നു. അത് മാറ്റിയെടുക്കാനുള്ള ശ്രമങ്ങളായിരിക്കണം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടത്. മറ്റൊരു സമുദായത്തെ തെറി പറഞ്ഞതുകൊണ്ടോ കുറ്റപ്പെടുത്തിയതുകൊണ്ടോ ആ അപകര്‍ഷതാബോധം ഒരിക്കലും മാറില്ല, പ്രത്യുത വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതിന് ഓരോരുത്തരുടെയും ആത്മവിശ്വാസത്തിലൂന്നിയ പ്രയത്നം വേണം. സാമുദായിക സംഘടനകള്‍ക്ക് അതില്‍ നല്ലൊരു പങ്കു വഹിക്കാനുണ്ട്. പക്ഷെ ഇക്കാലത്തെ സാമുദായിക സംഘടനകള്‍ ശ്രമിക്കുന്നത് സമൂഹത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റം ഉണ്ടാക്കാനല്ല; മറിച്ച്, ഈ അപകര്‍ഷതാബോധവും മറ്റുള്ളവരോടുള്ള വെറുപ്പും നിലനിര്‍ത്താനാണ് എന്നതാണ് സത്യം. എന്നാല്‍ മാത്രമേ ഇത്തരം സംഘടനകള്‍ക്കും അവരുടെ നേതാക്കള്‍ക്കും അവരുടെ വ്യവസായങ്ങള്‍ക്കും നിലനില്‍പ്പുള്ളൂ.
അതുപോലെ തന്നെ, മറ്റൊരാളുടെ പേരില്‍ പിള്ള, നായര്‍, നമ്പൂതിരി എന്നോ മറ്റോ കണ്ടാല്‍ ഉടനെ അവനെയാരും ആക്രമിക്കാന്‍ ചാടിപ്പുറപ്പെടെണ്ട കാര്യവുമില്ല. അത്തരം ചെയ്തികളും അസഹിഷ്ണുതയെയാണ് പുറത്തു കൊണ്ടുവരുന്നത്. മറ്റൊരാള്‍ പേരില്‍ ‘വാല്‍’ ഉപയോഗിക്കുമ്പോള്‍ ആരും സ്വയം അപമാനിതരാകേണ്ട കാര്യമുണ്ടെന്നു കരുതുന്നില്ല. അഥവാ അങ്ങനെ അപമാനം തോന്നുന്നെങ്കില്‍ അത് മാനസികമായ മുന്നോക്കാവസ്ഥ ഇല്ലാത്തതിനാലാണ്. അതിനുള്ള പോംവഴികള്‍ ആരായുകയാണ് ഉത്തമം എന്ന് കരുതുന്നു.
നമുക്ക് പേരിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു നോക്കാം. ഒട്ടു മിക്കവാറും മുസ്ലീങ്ങളുടെ പേരുകള്‍ കേട്ടാല്‍ തന്നെ അറിയാം അവരുടെ മതം ഏതാണെന്ന്. അതുപോലെതന്നെയാണ് കൂടുതല്‍ ഹിന്ദു പേരുകളും, ക്രിസ്ത്യന്‍ പേരുകളും. മതനിരപേക്ഷമായ ഒരു നവീന സമൂഹം കെട്ടിപ്പടുക്കാന്‍ നാം ആത്തരം പേരുകള്‍ ഉപേക്ഷിക്കണം എന്നു പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? അങ്ങനെ ചിന്തിക്കുന്നത് തന്നെ ബാലിശമല്ലേ? നമുക്ക് കുറച്ചു കൂടി ഉയര്‍ന്ന നിലയില്‍ ചിന്തിച്ചു കൂടെ?
ഷാഫി, ഹാഷിം, മൊഹമ്മദ്, നാസര്‍, അബ്ദുല്‍, ശ്രീകണ്ഠന്‍, ചന്ദ്രശേഖരന്‍, മുരളി, ഉമേഷ്, പാര്‍വതി, എലിസബത്ത്, ആനി, വര്‍ഗീസ്, തോമസ്, ക്രിസ്തുദാസ്, തുടങ്ങിയ പേരുകള്‍ നമുക്ക് വര്‍ജ്ജിക്കാന്‍ പറ്റുമോ? അതിനുപകരം ലല്ലു, മല്ലു, കല്ലു, അല്ലു, ഗല്ലു, ബല്ലു എന്നിങ്ങനെ കുറെയേറെ പേരുകള്‍ തന്നെ ഉപയോഗിച്ചാല്‍ എന്തൊരു രസമായിരിക്കും, അല്ലേ! അങ്ങനെ നോക്കുമ്പോള്‍ ഒരു പേരിലോ പേരിന്‍റെ വാലിലോ എന്തിരിക്കുന്നു? പേരിലും വാലിലും എന്തെങ്കിലുമൊക്കെ കാണുന്നവര്‍ സത്യത്തില്‍ സാമൂഹിക പ്രശ്നങ്ങള്‍ ഒന്നുംതന്നെ കാണുന്നില്ല എന്നതല്ലേ ശരി? അതിനാല്‍ നമുക്ക് പേരിലെയും വാലിലെയും പിടിവിടാം, അതല്ലേ നല്ലത്?
മാത്രവുമല്ല, ആര്‍ക്കും ഇഷ്ടമുള്ള സഭ്യമായ വാക്ക് സ്വന്തം പേരായി, അല്ലെങ്കില്‍ പേരിന്‍റെ വാലായി, ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഭാരത ഭരണഘടന തന്നിട്ടുണ്ട് എന്ന് കരുതുന്നു. അതായത്, ഈ വാലുകള്‍ ആരുടേയും കുത്തകയല്ല എന്നതാണ് സത്യം. അതിനാല്‍ പിള്ള, നായര്‍, നമ്പൂതിരി എന്നിങ്ങനെയുള്ള ഏതൊരു വാക്കും ആര്‍ക്കും വാലായോ പേരായോ ഉപയോഗിക്കാം. അപ്പോള്‍ നാം എന്തിനു വെറുതെ പേരിലും വാലിലും പിടിച്ചു കളിക്കുന്നു?
“നായര് പിടിച്ച പുലിവാല്” എന്ന് കേട്ടിട്ടുണ്ട്. ഈ അടുത്തകാലത്ത് ബൂലോകത്തില്‍ നിന്നും മനസ്സിലായി നായരുടെ വാലില്‍ പിടിച്ചു പിടിച്ചു അവസാനം ബ്ലോഗ് പുലികള്‍ പിടിച്ചത് യഥാര്‍ത്ഥ പുലിവാല്‍ തന്നെയാണെന്ന്!
ഭാരത ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പൊതുനിരത്തില്‍ കൈ വീശി നടക്കാം, പക്ഷെ മറ്റൊരാളുടെ മൂക്കില്‍ തട്ടാതെ വീശണം. നമ്മുടെ വീടിന്‍റെ അകത്തെ ഭിത്തിയില്‍ എന്തു വേണമെങ്കിലും എഴുതാം, മറ്റാരും കാണാതെയിരുന്നാല്‍ മതി. പക്ഷെ നമ്മുടെ വീടിന്‍റെ പുറംലോകത്തേക്ക് തിരിഞ്ഞിരിക്കുന്ന ഭിത്തിയില്‍ എഴുതാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ഒരു പൊതുസമൂഹത്തിന്‍റെ നിയന്ത്രണം ഉണ്ട്. നാം സമൂഹജീവി ആയിരിക്കുന്നിടത്തോളം അതനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്.
എല്ലാവര്‍ക്കും സഭ്യമായ ഭാഷയില്‍ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം നേടുന്നതിനായി അവിടെയും ഇവിടെയും ഒക്കെ സംഘടിക്കാം, പക്ഷെ അസഭ്യതക്ക് നീതീകരണം നേടാനുള്ള ശ്രമം എന്നെങ്കിലും വിജയിക്കുമെന്ന് കരുതുന്നുണ്ടോ?
ഇനിയെങ്കിലും നമുക്കെല്ലാം ആരുടെ വാലിലും പിടിക്കാതെ, സഭ്യമായ ഭാഷ ഉപയോഗിച്ച് സമൂഹനന്മക്കായി പ്രവര്‍ത്തിക്കാം.
Discussion about this post