കേരളഗാനം – ജയജയ കോമള കേരള ധരണി

keralaganam

ഇന്ന് കേരളപ്പിറവി

ജയജയ കോമള കേരള ധരണി
ജയജയ മാമക പൂജിത ജനനി
ജയജയ പാവന ഭാരത ഹരിണി
ജയജയ ധർമ്മ സമന്വയരമണീ

1938-ൽ ബോധേശ്വരൻ രചിച്ച ‘ജയജയ കോമള കേരള ധരണി….’ എന്നു തുടങ്ങുന്ന ‘കേരളഗാന’ത്തെ 2014ല്‍ കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിക്കപ്പെട്ടു. സാസ്‌കാരിക പരിപാടികളില്‍ ഈ ഗാനം കേള്‍പ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്… ഐക്യകേരള രൂപവത്കരണശേഷമുള്ള ആദ്യ നിയമസഭയിൽ ഈ ഗാനം ആലപിച്ചിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച കേശവന്‍ പിള്ള ഭാരതത്തിന്റെ ആത്മീയചൈതന്യവും ദേശീയചൈതന്യവും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചു. പില്‍ക്കാലത്ത് ബോധേശ്വരന്‍ എന്നറിയപ്പെട്ട ഇദ്ദേഹം ശ്രീ ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനായിരുന്നു.

“അഖണ്ഡകേരളമായിരുന്നു അച്ഛന്‍ ബോധേശ്വരന്‍ എന്നും സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ ഐക്യകേരളവും മലയാളത്തിന്റെ ഉന്നതിയും സ്വപ്‌നംകണ്ടു നടന്നിരുന്ന കവി തെക്കന്‍ തിരുവിതാംകൂര്‍ ഐക്യകേരളത്തില്‍ നിന്ന് നഷ്ടമായി എന്നതില്‍ അവസാനകാലംവരെ വിഷമിക്കുകയും ചെയ്തു. ഐക്യകേരള രൂപവത്കരണം ആനയും അമ്പാരിയുമൊക്കെയുള്ള ഘോഷയാത്രയോടെ ആഘോഷിക്കപ്പെട്ടപ്പോള്‍ അച്ഛന്‍ വീട്ടില്‍ തന്നെ വിഷമിച്ചിരുന്നു. അന്ന് അദ്ദേഹം ഉപവസിക്കുകയും ചെയ്തു. ” – ബോധേശ്വരന്റെ മകള്‍ സുഗതകുമാരി

കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലൂടെ യാത്ര ചെയ്യുമ്പോള്‍ തെക്കന്‍ തിരുവിതാംകൂര്‍ ഇല്ലാത്ത ഐക്യകേരളത്തിന്റെ ഈ നഷ്ടം നമ്മളെ ഇന്നും ആശങ്കാകുലരാക്കും, സങ്കടപ്പെടുത്തും.

“കേരളഗാനം സാംസ്‌കാരിക ഗാനമാക്കിയപ്പോൾ, ഗാനം എഡിറ്റ് ചെയ്ത് എം. ജയചന്ദ്രൻ ഈണം നൽകി തയ്യാറാക്കിയിട്ടുണ്ട്. സരിത രാജീവ്, രവിശങ്കർ, സുദീപ്കുമാർ, അഖില ആനന്ദ് എന്നിവരാണ് പാടിയത്.” എന്ന് മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. ഈ ഗാനത്തിന്റെ ഓഡിയോ കൈവശമുള്ളവര്‍ ഷെയര്‍ ചെയ്യാമോ പ്ലീസ്‌?

ശ്രീ · നാട്ടുകാര്യം · 01-11-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *