നവരാത്രിയും ദസറപ്പെരുന്നാളും എഴുത്തുകൂദാശയും

dasara-perunnalവിജയദശമി ദിവസം ക്രിസ്ത്യന്‍ ആരാധാനാലയങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന ഒരു ചിട്ടവട്ടം ഇപ്പോള്‍ കേരളത്തില്‍ ധാരാളമായുണ്ട്. പൂജ വയ്പ്പും മഹാനവമിയും വിജയദശമിയും ഹിന്ദുക്കളുടെ ആഘോഷമല്ലേ, അതെന്തിന് ക്രിസ്ത്യാനികള്‍ ആഘോഷിക്കുന്നു എന്ന് കരുതുന്നതിനു പ്രസക്തിയില്ല. ഓരോ നാട്ടിലെയും തനതു ആഘോഷങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നത് നല്ലതുതന്നെയാണ്. പ്രത്യേകിച്ചും സര്‍വതിനെയും ദേവിയായും അമ്മയായും സ്വീകരിക്കുന്ന ഭാരതീയ പാരമ്പര്യം എല്ലാവര്‍ക്കും വേണ്ടതുതന്നെ. ഭാരതത്തിനുവേളിയില്‍ നിന്നും വന്ന ക്രിസ്തുമതം ഇവിടെ പ്രചരിപ്പിക്കപ്പെട്ടുവെങ്കിലും എല്ലാവരും ഇവിടത്തെ സംസ്കാരത്തെയാണ് ഉള്ളിന്റെയുള്ളില്‍ താലോലിക്കുന്നത്. മതഗ്രന്ഥങ്ങളില്‍ മറ്റൊരു സ്ഥലത്തെ പുണ്യസ്ഥലം എന്നു വാഴ്ത്തിയാലും, എല്ലാ ഭാരതീയന്റെയും പുണ്യഭൂമി ഭാരതം തന്നെ.

ഒരു ഭാരതീയന്റെ പിതാമഹന് കഴിഞ്ഞകാലത്ത് ക്രിസ്തുമതം സ്വീകരിക്കേണ്ടിവന്നതിനാല്‍ ഇപ്പോഴുള്ളയാള്‍ ക്രിസ്ത്യാനിയായി എന്നേയുള്ളൂ. അവര്‍ക്കും എല്ലാവര്‍ക്കും മാതൃരാജ്യം ഭാരതം തന്നെ. അവരുടെയും പുണ്യഭൂമി ഭാരതം തന്നെ. അവരുടെയും മാതൃസംസ്കാരം ഭാരതത്തിന്റേതുതന്നെ. അവര്‍ക്കും ഭാരതാംബ തന്നെ ദേവി. അവര്‍ ചെന്നെത്തപ്പെട്ട മതത്തിന്നുപരി രാജ്യത്തെ അമ്മയായി ദേവിയായി കാണുന്ന ദേശീയവീക്ഷണം അവരിലും ഉണ്ടാകുന്നത് നല്ലതുതന്നെ. അതിനാല്‍ അമ്മയെ, ദേവിയെ ഉപാസിക്കുന്ന നവരാത്രിക്കാലം ക്രിസ്ത്യാനികളും ആഘോഷിക്കട്ടെ.

ഈ ദിവസത്തെ ദസറപ്പെരുന്നാള്‍ എന്നോ എഴുത്തുകൂദാശ എന്നോ ഒക്കെ ഏതെങ്കിലും ക്രിസ്ത്യാനികള്‍ വിളിക്കുന്നുണ്ടോ എന്നുമറിയില്ല. വാക്കുമാറ്റിയാലും പാരമ്പര്യമായ ഭാരതീയ മനസ്സു മാറുന്നില്ലല്ലോ, അതുതന്നെയല്ലേ വലിയ കാര്യം?


അതോടൊപ്പം, ഏതാനും വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. അതില്‍ ഇടതുവശത്തുള്ളതു ശരിയായ ചിത്രവും വലതുവശത്തുള്ളതു ഏതോ കുബുദ്ധി തെറ്റായി ഉണ്ടാക്കി പ്രചരിപ്പിച്ചതും ആണ്. അതിനാല്‍ ദസറപ്പെരുന്നാള്‍ എന്നുള്ള ആ ചിത്രം നിങ്ങളുടെ മുന്നിലെത്തിയാല്‍ ദയവായി ഷെയര്‍ ചെയ്യരുത്.

ഏതു ആനുകാലികപ്രസിദ്ധീകരണത്തില്‍ എന്നു പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് എന്ന് അതില്‍ പറഞ്ഞിട്ടില്ല. അതിനെ കുറിച്ച് 2009ല്‍ വിശദമായി തന്നെ സെബിന്‍ ബ്ലോഗില്‍ എഴുതിയതനുസരിച്ച്, ഇത് പത്രവാര്‍ത്ത എന്നുതോന്നിക്കുന്ന രീതിയില്‍ പടച്ചിറക്കപ്പെട്ട ഒരു ചിത്രമാണ്. സെബിന്റെ പോസ്റ്റിന്റെ സംക്ഷിപ്തം ഇവിടെ ചേര്‍ക്കുന്നു.

സെന്റ്‌ ബസേലിയോസ് ചര്‍ച്ച് എന്ന പേരിലൊരു പള്ളി കോട്ടയത്തില്ല.
“വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു് കോട്ടയം അതിരൂപതയാണു് എഴുത്തുകൂദാശ സംഘടിപ്പിച്ചിരിക്കുന്നതു്. ക്നാനായ കത്തോലിക്ക സഭയുടെ രൂപതയാണു് കോട്ടയം അതിരൂപത. കോട്ടയം നഗരത്തിലെ അവരുടെ പ്രധാനപ്പെട്ട ദേവാലയം കെകെ റോഡില്‍ ബിസിഎം കോളജിനു് എതിര്‍വശത്തായി മനോരമയോടു് ചേര്‍ന്നു് സ്ഥിതി ചെയ്യുന്നു. ആ പള്ളിയുടെ പേരു് സെയിന്റ് ബസേലിയസ് ചര്‍ച്ച് എന്നല്ല – ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രലാണതു്.

“തങ്ങളിലേക്കു് തന്നെ ഒതുങ്ങിക്കഴിയുന്ന ജൂതകൃസ്ത്യാനികളാണു് ക്നാനായക്കാര്‍. അവരില്‍ ഒരുവിഭാഗം റോമ പാപ്പയുടെ കീഴിലും മറ്റൊരു വിഭാഗം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു് കീഴിലും (ചിങ്ങവനം കേന്ദ്രമാക്കി) കഴിയുന്നു. ഇരു ക്നാനായ വിഭാഗങ്ങള്‍ക്കുമിടയില്‍ അപൂര്‍വ്വമായി വിവാഹബാന്ധവങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇവര്‍ പൊതുവെ തങ്ങളുടെ മാതൃസഭകളിലെ ഇതരവിഭാഗങ്ങളുമായി പോലും വലിയ സമ്പര്‍ക്കത്തിലല്ല. അങ്ങനെയിരിക്കെ, അവര്‍ അവരുടെ ഒരു പ്രധാനപ്പെട്ട ചടങ്ങിനു് മലങ്കര കത്തോലിക്ക സഭയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ക്ഷണിക്കുകയും അതേ സമയം അവരുടെ സ്വന്തം മെത്രാന്മാര്‍ ആരും അതില്‍ പങ്കെടുക്കാതിരിക്കയും ചെയ്യുമോ? വാര്‍ത്ത മുഴുവന്‍ വായിച്ചാലും ക്നാനായ കത്തോലിക്ക സഭയിലെ ഒരു മെത്രാന്റെയും പേരില്ല.”

രണ്ടു സഭകള്‍ തമ്മിലുള്ള സഹകരണം ഇത്രമാത്രമുള്ളപ്പോള്‍, തിരുവനന്തപുരം പട്ടം ആസ്ഥാനമായ മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയസ് മാര്‍ ക്ലീമ്മിസ് കാതോലിക്ക ബാവ എന്തിനു് കോട്ടയം ക്നാനായ സഭയുടെ ഒരു പരിപാടിക്കു് വരണം?

ഇതില്‍ പറയുംപോലെ ഒരു ചടങ്ങ് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ തിരുവനന്തപുരം ബിഷപ്പ് ഹൌസില്‍ അന്വേഷിച്ചപ്പോള്‍ അന്ന് അരമനയുടെ ചുമതലക്കാരനായ ഫാദര്‍ കാട്ടുകല്ലില്‍ പറഞ്ഞതിങ്ങനെ: “ബിഷപ്പിന്റെ ഡ്രൈവറായ മനീഷ്, വിജയദശമിനാളില്‍ തന്റെ കുട്ടിയെ എഴുത്തിനിരുത്താമോ എന്നു് ക്ലീമ്മിസ് ബാവയോടു തിരക്കി. സ്വന്തം ഡ്രൈവറുടെ ആവശ്യമായതിനാല്‍ അദ്ദേഹം അംഗീകരിച്ചു. ഇതറിഞ്ഞു് ദീപിക പത്രത്തിലെ ഒരു ജീവനക്കാരന്‍ അദ്ദേഹത്തിന്റെ കുട്ടിയേയും എഴുത്തിനിരുത്താന്‍ കൊണ്ടുവന്നു. ഇങ്ങനെ വിരലിലെണ്ണാവുന്നവരെയല്ലാതെ മറ്റാരെയും അന്നേ ദിവസം തിരുമേനി എഴുത്തിനിരുത്തിയിട്ടില്ല. തന്നെയുമല്ല, അന്നു് മുഴുദിവസവും അദ്ദേഹം തിരുവനന്തപുരത്തെ അരമനയിലുണ്ടായിരുന്നു.”
അതായത് മലങ്കര ബിഷപ്‌ ആ ദിവസം തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നു.

പിന്നെ ഏതാണീ കുട്ടിയെ എഴുത്തിനിരുത്തുന്ന ചിത്രം?
ഇതില്‍ കാണുന്നത് തിരുവനന്തപുരത്ത് ബിഷപ്‌ ഹൗസില്‍ ദീപിക പത്രത്തിലെ ജീവനക്കാരന്റെ മകളെ ബാവ എഴുത്തിനിരുത്തുന്ന ചിത്രം കേരളകൌമുദിയില്‍ പ്രസിദ്ധീകരിച്ചതാണ്. പത്രത്തിന്റെ മുഴുവന്‍ പേജ്: http://goo.gl/yPsghr

“ക്രിസ്തുവിനു യഹോവ ജ്ഞാനം പകര്‍ന്നുകൊടുത്ത ദിനമാണ് വിജയദശമി എന്നപേരില്‍ ആഘോഷിക്കുന്നതെന്നും മിശിഹാരാത്രി ലോപിച്ചാണ് മഹാശിവരാത്രി ആയതെന്നും ക്രിസ്തു ശിഷ്യന്മാരുമായി രാത്രി മുഴുവന്‍ ഉറങ്ങാതെ സംവദിച്ചിരുന്ന ദിവസമാണ് ഇങ്ങനെ ആഘോഷിച്ചിരുന്നതെന്നും അങ്ങനെയാണ്  ശിവരാത്രിയ്ക്ക് ഉറക്കമൊഴിക്കുന്നതെന്നും” ഒരു ഫാദര്‍ വര്‍ഗീസ്‌ കൂമന്തല പറഞ്ഞെന്നു ആ പത്രക്ലിപ്പിംഗില്‍ പറയുന്നു.  ഇങ്ങനെയൊരു സംഭവം കോട്ടയത്ത് നടക്കാത്ത സാഹചര്യത്തില്‍ ഒരു “കൂമന്‍ തല” പറഞ്ഞുവെന്ന വ്യാജേന ഈ ചമയ്ക്കപ്പെട്ട പത്രക്ലിപ്പിങ്ങില്‍ കൊടുത്തിരിക്കുന്നത് വിശ്വസിക്കേണ്ടല്ലോ. അതേതോ ഒരുവന്റെ “കൂമന്‍ തല” പ്രവര്‍ത്തിപ്പിച്ചു ഉണ്ടാകകിയതാണ്!  കൂമന്‍ എന്നോട് ക്ഷമിക്കുമാറാകട്ടേന്‍….

ശ്രീ · ലേഖനം · 15-10-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *