ഭാരതത്തിലെ ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള 29 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണ പ്രദേശങ്ങളും ഭാരതത്തിലുണ്ട്. അങ്ങനെയൊരു സംസ്ഥാനമാണ് ഉത്തർപ്രദേശ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തരുന്ന പ്രദേശം എന്നല്ല ഉത്തർപ്രദേശ് എന്നതിനര്‍ത്ഥം, ഉത്തര(വടക്കു) ഭാഗത്തുള്ള സംസ്ഥാനം എന്നാണ് അര്‍ത്ഥം. അതുപോലെ ഭാരതത്തിന്റെ ഏകദേശം മധ്യഭാഗത്താണ് മധ്യപ്രദേശ് എന്ന സംസ്ഥാനം.
അതുപോലെയൊരു സംസ്ഥാനമാണ് ഡല്‍ഹി. മുഴുവന്‍ പേര് ദേശീയ തലസ്ഥാനപ്രദേശം ഡല്‍ഹി അഥവാ National Capital Territory of Delhi. ഈ ഡല്‍ഹി സംസ്ഥാനത്തെ മാത്രം ക്രമസമാധാനം, സുരക്ഷ തുടങ്ങിയവ കേന്ദ്ര ആഭ്യന്തരവകുപ്പാണ് കൈകാര്യം ചെയ്യുന്നത്. നമ്മുടെ രാഷ്ട്രപതിയും സുപ്രീംകോടതിയും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയും പാര്‍ലമെന്റും ഒക്കെ ഡല്‍ഹിയില്‍ ആണ് രാഷ്ട്രഭരണത്തിനായി കേന്ദ്രീകരിച്ചിരിക്കുന്നത്.
ഓരോ സംസ്ഥാനത്തെയും ക്രമസമാധാന ചുമതല പ്രധാനമായിട്ടും അതതു സംസ്ഥാനങ്ങള്‍ക്കാണ്. സംസ്ഥാനങ്ങളിലെ ക്രമസമാധാനത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്നു തോന്നിയാല്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടും, അതനുസരിച്ച് വേണ്ടിവന്നാല്‍ നടപടികളും എടുത്തെന്നും വരാം. സംസ്ഥാനങ്ങള്‍ക്ക് നിയമം വേണ്ടുംവണ്ണം നടപ്പിലാക്കാന്‍ കഴിയാതെ കൈവിട്ടുപോകുന്ന സാഹചര്യങ്ങളിലോ സംസ്ഥാനം നേരിട്ട് സഹായം അഭ്യര്‍ത്ഥിക്കുന്ന സാഹചര്യത്തിലോ മാത്രമേ കേന്ദ്രം ഇടപെടാറുള്ളൂ.
കേരളത്തില്‍ ഉമ്മന്‍ചാണ്ടിയും തമിഴ്നാട്ടില്‍ ജയലളിതയും ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളും മറ്റെല്ലാ സ്ഥലത്തും നരേന്ദ്രമോദിയും ആണ് ഭരിക്കുന്നത് എന്നും കേരളത്തിനു വെളിയിലുള്ള ക്രമസമാധാന ചുമതല നരേന്ദ്രമോദിയ്ക്കാണ് എന്നും ആണ് പലരും ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നുന്നു, ഫെയ്സ്ബുക്കിലെ പല അഭിപ്രായങ്ങളും കാണുമ്പോള്‍.
സമാജ്‌വാദി പാര്‍ട്ടിയിലെ അഖിലേഷ് യാദവ് (മുലായംസിംഗ് യാദവിന്റെ മകന്‍) ആണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. അദ്ദേഹം തന്നെയാണ് ആഭ്യന്തരവും ധനകാര്യവും ഐടിയും കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ക്രമസമാധാന ചുമതല അഖിലേഷ് യാദവിനാണ്. [വിഷയം: കാണാതായ പശുവിനെ കൊന്നു വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന പ്രചാരണങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടം വീടു പരിശോധിക്കാന്‍ കയറിയതിനെ തുടര്‍ന്ന് ഇഖ്‌ലാഖ് എന്ന 50 കാരന്‍ കൊല്ലപ്പെട്ട സംഭവം] അദ്ദേഹം ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ആവശ്യമുള്ളിടത്തോളം കേന്ദ്രസഹായവും വിനിയോഗിക്കണം. അവിടെ എന്തെങ്കിലും സംഭവം നടന്നാല്‍ അതില്‍ പ്രതികരിക്കേണ്ടതും നടപടിയെടുക്കേണ്ടതും ജനങ്ങളെ അറിയിക്കേണ്ടതും അഖിലേഷ് യാദവാണ്.
ഭാരതത്തിലെ വളരെ പിന്നാക്ക സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും സാമൂഹ്യസ്ഥിതി കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് എത്താന്‍ നമുക്ക് ആഗ്രഹിക്കാം. ഇപ്പോള്‍ നടക്കുന്ന ബീഹാര്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിനുവേണ്ടുന്ന മാറ്റങ്ങള്‍ ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.
ഇനിയും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ താങ്കളുടെ തൊട്ടടുത്ത ചായക്കടയിലെ അമ്മാവനോടോ ബാര്‍ബര്‍ ഷോപ്പിലെ അണ്ണനോടോ ചോദിക്കൂ, നിത്യവും പത്രം വായിക്കുന്ന അവര്‍ക്ക് ഈ വിഷയത്തില്‍ എന്നെക്കാള്‍ കൂടുതലറിയാം.
Discussion about this post