നഗ്നതകാട്ടി പ്രതിഷേധിക്കേണ്ടിവരുന്ന ഗതികേടും രാഷ്ട്രീയ മുതലെടുപ്പും

uttarpradesh-undress-public-protest

ഏതാനും ദിവസം മുന്‍പ് ഉത്തര്‍പ്രദേശില്‍ ഒരു ദളിത്കുടുംബത്തെ പോലീസ് നഗ്നരായി മര്‍ദ്ദിച്ചു എന്ന് മുന്‍വിധിയോടെ മുതലക്കണ്ണീരൊഴുക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന എല്ലാവരും അറിയാന്‍, ഇവര്‍ സ്വമേധയാ നഗ്നരായി അല്ലെങ്കില്‍ കൂടെയുണ്ടായിരുന്ന ‘ഗൃഹനാഥന്‍’ സ്ത്രീകളെ നഗ്നരാക്കി പ്രതിഷേധിക്കുകയായിരുന്നു എന്നറിയാന്‍ ഈ വീഡിയോ കാണൂ. ഇത് കാണാതെ സത്യാവസ്ഥ അറിയാതെ പോകരുത്.

വീഡിയോ ലിങ്ക് : https://www.facebook.com/video.php?v=10153687458892002

തങ്ങളുടെ വീട് കൊള്ളയടിച്ചയാള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തുന്നില്ല എന്നാരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഉത്തര്‍പ്രദേശ്‌ നോയിഡ ഗൗതംബുദ്ദ് നഗറിലെ മാര്‍ക്കറ്റിലാണ് മൂന്ന് സ്ത്രീകള്‍ അടക്കമുള്ള അഞ്ചു പേര്‍ നഗ്നരായി പ്രതിഷേധിച്ചത്. ബുധനാഴ്ച്ച തങ്ങളുടെ വീട് ആക്രമിച്ച് കൊള്ളയടിച്ച അയല്‍ക്കാരനായ മഹാവീറിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് സുനില്‍ ഗൗതം എന്നയാള്‍ പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് എടുക്കാന്‍ പോലീസ് വിസമ്മതിച്ചു. ഇതിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം.

കൈരളി പീപ്പിള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഈ വാര്‍ത്ത “പോലീസ് ദളിതരെ നഗ്നരാക്കി പീഡിപ്പിച്ചു’ എന്നും “ഇത് ഹിന്ദു ഫാസിസം” ആണെന്നും ഒക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു, അങ്ങനെ പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് ഇത് വാര്‍ത്തയാക്കിയതും.

[ സമാജ്‌വാദി പാര്‍ട്ടിയിലെ മുലായംസിംഗ് യാദവിന്റെ മകന്‍ അഖിലേഷ് യാദവ് ആണ് ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി. അദ്ദേഹം തന്നെയാണ് ആഭ്യന്തരവും ധനകാര്യവും ഐടിയും കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തെ ക്രമസമാധാന ചുമതല അഖിലേഷ് യാദവിനാണ്. അദ്ദേഹം ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ആവശ്യമുള്ളിടത്തോളം കേന്ദ്രസഹായവും വിനിയോഗിക്കണം. അവിടെ എന്തെങ്കിലും സംഭവം നടന്നാല്‍ അതില്‍ പ്രതികരിക്കേണ്ടതും നടപടിയെടുക്കേണ്ടതും ജനങ്ങളെ അറിയിക്കേണ്ടതും അഖിലേഷ് യാദവാണ്. കൂടുതല്‍ അറിയാന്‍: https://goo.gl/TzazCk ]

സുനില്‍ ഗൗതമിനെയും കുടുംബത്തെയും സാഹചര്യത്താല്‍ നിര്‍ബന്ധിതരാക്കി ഈ രീതിയില്‍ ഒരു പ്രതിഷേധം നടത്തിച്ച ഉത്തര്‍പ്രദേശ്‌ സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ എടുക്കുമെന്നും പോലീസ് കേസുകളിലെ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുമെന്നും കരുതാം.

ബൌദ്ധികമായി നമ്മള്‍ ഏതു ലെവലില്‍ ആണെങ്കിലും കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം തിരക്കാനുള്ള സമയമോ മനസ്സോ ചെലവഴിക്കാതെ മുന്‍വിധിയോടെ ചാടിപ്പുറപ്പെട്ട് കാര്യങ്ങള്‍ നമ്മുടെ ആംഗിളിലൂടെ മാത്രം കാണരുത് എന്ന് നമുക്ക് ഓര്‍ക്കാം. ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ പെട്ടെന്ന് ജെനറലൈസ് ചെയ്ത് തീരുമാനത്തിലെത്തരുത്. എല്ലാക്കാര്യത്തിലും ഒരു പാര്‍ശ്വവീക്ഷണം കൂടി നല്ലതാണ്. ഭാരതപൌരന് രാഷ്ട്രീയം വേണം, പക്ഷെ അവന്റെ മസ്തിഷ്കം പണയപ്പെടുത്തരുത്, അത് കളഞ്ഞുപോകുകയുമരുത്. ഇതുപോലെ ഊതിവീര്‍പ്പിച്ച ഏതാനും സംഭവങ്ങള്‍ നിരത്തി ഭാരതത്തില്‍ മുഴുവന്‍ രാഹു ബാധിച്ചു എന്ന് പ്രചരിപ്പിക്കാനുള്ള കുത്സിതശ്രമങ്ങളാവരുത് ഒരു ദേശസ്നേഹിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം.

ശ്രീ · വീഡിയോ · 11-10-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *