നന്ദിനി പാല്‍ – ആറുമാസം കേടുകൂടാതെ സൂക്ഷിക്കാം

എന്റെ നന്ദിനി ഗോമാതാവ്!

nandini-cow-milk

മില്‍മ പാലോ കറവക്കാരന്‍ വഴി നാട്ടില്‍ കിട്ടുന്ന പാലോ ദിവസവും കൃത്യസമയത്ത് വാങ്ങാനുള്ള സാഹചര്യക്കുറവ്, പാലിന്റെ ലഭ്യതയിലും ഗുണത്തിലും അടിയ്ക്കടിയുണ്ടാവുന്ന വ്യതിയാനം, നമ്മുടെ ദൈനംദിന ആവശ്യമനുസരിച്ച് അളവില്‍ മാറ്റം വരുത്തുവാനുള്ള ബുദ്ധിമുട്ട്, തുടങ്ങിയ പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കാനായി കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ നന്ദിനി പാലാണ് (Nandini Goodlife Cow Milk) ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ ഒരു പെട്ടി വാങ്ങും – ഒരു ലിറ്ററിന്റെ പന്ത്രണ്ടെണ്ണം കാണും പെട്ടിയില്‍, ഒരു മാസത്തേയ്ക്ക് കുശാല്‍. ഒരു ലിറ്ററിന് 45 രൂപയാണ് കേരളത്തില്‍ വില.

നന്ദിനി ഗുഡ് ലൈഫ് പാലിനെ കുറിച്ച് അറിയാത്തവര്‍ക്കുവേണ്ടി:
കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (KMF) ഉല്‍പ്പന്നമാണ്‌ നന്ദിനി പാല്‍. കേരളത്തിലെ മില്‍മപോലെ കര്‍ണാടകയിലെ ക്ഷീരകര്‍ഷകരുടെ സൊസൈറ്റിയാണ് KMF. മില്‍മയെപോലെ സാധാരണ രീതിയില്‍ പാല്‍ ശേഖരണ-വിതരണത്തിനു പുറമേ, ദീര്‍ഘകാലം പാല്‍ കേടുകൂടാതെ സൂക്ഷിക്കാനായുള്ള pasteurization, sterilization, ultra high temperature (UHT) processing തുടങ്ങിയ പ്രക്രിയകളിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച പാല്‍ പ്രത്യേക പായ്ക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പായ്ക്ക് ചെയ്ത് ഏകദേശം ആറുമാസത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ ലഭ്യമാക്കുന്നതാണ് ഈ നന്ദിനി ഗുഡ് ലൈഫ് പശുവിന്‍ പാല്‍. ഇതിന്റെ തന്നെ വിവിധ വകഭേദങ്ങളും ലഭ്യമാണ് (കട്ടികുറഞ്ഞതും കൂടിയതും ആയിട്ട്). ഒരു പായ്ക്ക് പൊട്ടിച്ച് ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ മാത്രം റെഫ്രിജറേറ്റ് ചെയ്യണം – പൊട്ടിച്ചൊഴിച്ച പാല്‍ ഒരാഴ്ചയോളം റെഫ്രിജറേറ്ററില്‍ കേടുകൂടാതെ ഇരിക്കും. പൊട്ടിയ്ക്കാത്ത പാല്‍ അലമാരയില്‍ത്തന്നെ സൂക്ഷിക്കാം.

വീട്ടില്‍ അതിഥികള്‍ വരുമ്പോഴും മറ്റും പാലിന്റെ അളവിനെ കുറിച്ച് വേവലാതിപ്പെടേണ്ട. ദൌര്‍ലഭ്യം പരിഹരിക്കാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന പാല്‍പ്പൊടികള്‍ ഉപയോഗിക്കുകയും വേണ്ട. രുചിയില്‍ മാറ്റവുമില്ല, ഗുണം ഉണ്ടുതാനും.

പ്രോസസ് ചെയ്ത പാല്‍ വിശ്വസിച്ചു കുടിക്കാമോ? പിന്നെന്താ? നേരെ പൊട്ടിച്ച് വായിലേയ്ക്ക് ഒഴിക്കാം! ഈ പാലില്‍ നേരിട്ട് അല്പം തൈര് ഒഴിച്ചുവച്ചാല്‍ നല്ല ഗുണമുള്ള തൈരുകിട്ടും. ട്രോപികാന ജ്യൂസ് കുടിക്കാമെങ്കില്‍ ഇതും വിശ്വസിക്കാം – രണ്ടും ടെട്രാപായ്ക്ക് തന്നെ. പ്രോസസിംഗ് കൊണ്ട് പാലിന്റെ ഗുണവും നഷ്ടപ്പെടുന്നില്ല. കൂടുതലറിയാന്‍ KMF വെബ്സൈറ്റ് നോക്കാം: http://goo.gl/0JuOlh

അല്ലെങ്കില്‍ തന്നെ,. KMF ല്‍ നിന്നും പാല്‍പ്പൊടി വാങ്ങിയാണ് മില്‍മ കേരളത്തില്‍ പാലിന്റെ ആവശ്യം നിറവേറ്റുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍പ്പിന്നെ റെഫ്രിജറേഷന്റെ ആവശ്യമില്ലാതെ തന്നെ ആറുമാസത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റുന്ന നന്ദിനിപ്പാല്‍ അല്ലേ നല്ലത്?

തിരുവനന്തപുരത്ത് ബിഗ്‌ബസാറിലും റിലയന്‍സിലും കുന്നില്‍ മാര്‍ജിന്‍ ഫ്രീയിലും ഒക്കെ ലഭ്യമാണ്. മറ്റുസ്ഥലത്തെ കാര്യങ്ങള്‍ അറിയില്ല!

ശ്രീ · നാട്ടുകാര്യം · 10-10-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *