കള്ളപ്പം ഉണ്ടാക്കാന്‍ നല്ല ശുദ്ധമായ കള്ള് കിട്ടാന്‍ ഇക്കാലത്ത് വളരെ ബുദ്ധിമുട്ടാണ്. അത്തരം അവസരങ്ങളില്‍, നമുക്ക് എളുപ്പത്തില്‍ ലഭ്യമായ ഘടകങ്ങള്‍ ഉപയോഗിച്ച് എങ്ങനെ കള്ളപ്പം ഉണ്ടാക്കാം എന്നതാണ് പലപ്പോഴും നമ്മള്‍ ആലോചിക്കുന്നത്. കള്ള് ചേര്‍ക്കാതെ, റവ ഉപയോഗിച്ച് നല്ല വെജിറ്റേറിയന്‍ കള്ളപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് ഇപ്പോള്‍ ചര്‍ച്ച ചെയ്യാം.
- റവ – രണ്ടു കപ്പ് (വറുക്കാത്ത റവ)
- തേങ്ങ – രണ്ടര കപ്പ് (മൂന്ന്‍ കപ്പ് ആയാലും കുഴപ്പമില്ല)
- യീസ്റ്റ് – കാല്‍ ടീ സ്പൂണ്‍
- ചോറ് – രണ്ടു കപ്പ് (പൊന്നിയോ പച്ചരിയോ). മുട്ട കഴിക്കുന്നവര്‍ക്ക് ചോറിനു പകരം ഒരു മുട്ടയും ചേര്‍ക്കാം.
- പഞ്ചസാര – നാലു ടേബിള്‍ സ്പൂണ്‍
- ചുവന്നുള്ളി – മൂന്നോ നാലോ എണ്ണം. (കൊച്ചുള്ളി)
- ജീരകം – കാല്‍ ടീ സ്പൂണ്‍
ഇവയെല്ലാം കൂടി മിക്സിയില്‍ ദോശമാവിന്റെ പരുവത്തില്‍ വെള്ളം കൂടിപ്പോകാതെ അരച്ചെടുക്കുക. അഞ്ചോ ആറോ മണിക്കൂര്‍ പുളിയ്ക്കുവാന്‍ വയ്ക്കുക. പാചകം ചെയ്യുന്നതിനു മുന്‍പ് ആവശ്യത്തിനു ഉപ്പ് ചേര്‍ക്കാം. ഇനി സാധാരണപോലെ ദോശക്കല്ലില്‍ ചുടാം. ദോശ ചുടുന്നതുപോലെ രണ്ടു ഭാഗവും മറിച്ചും തിരിച്ചും ചുടണം. നല്ല മൃദുവായ അപ്പം റെഡി! നിങ്ങളുടെ ഇഷ്ടപ്പെട്ട കറിയുമായി ചേര്‍ത്ത് കഴിക്കാം. പഞ്ചസാര ഇട്ടിട്ടുള്ളതിനാല്‍ കറിയില്ലാതെപോലും ചൂടോടെ കഴിക്കാം. കുട്ടികള്‍ക്കും വളരെ ഇഷ്ടപ്പെടും. ഇതില്‍ പറഞ്ഞിരിക്കുന്ന അളവില്‍ നാലുപേര്‍ക്ക് കഴിക്കാം. നന്നായി ആഹാരം കഴിക്കുന്നവര്‍ക്ക് കുറച്ചു കൂടുതല്‍ കരുതുക!
Discussion about this post