ഉദ്യേഗസ്ഥന്മാരുടെ വേദാന്തം

chattampi-swami“(ചില) ഉദ്യേഗസ്ഥന്മാരുടെ വേദാന്തം എന്നാലെന്തെന്നു നിനക്കറിയാമോ? തന്റെ കാപട്യങ്ങള്‍ വെളിപ്പെടാതിരിക്കാന്‍ വേണ്ടി ഏതെങ്കിലും ഒരു സന്യാസിയുടെ ശിഷ്യനായിത്തീര്‍ന്നേക്കുക. അവരുടെ ആ വിഭൂതിലേപനവും മന്ത്രജപവുമെല്ലാം വെറും വിദ്യ. ഇതെല്ലാം കണ്ടു കണ്ടു ഞാന്‍ ആരോടും അത്ര തുറന്നു ഈ മാര്‍ഗ്ഗങ്ങളെപ്പറ്റി പറയാറില്ല. ഇപ്പോള്‍ എനിക്കങ്ങുപോകാനുള്ള കാലമായി. എന്റെ ചുമടിറക്കിയാല്‍ മതിയെന്നുമായി. ഈയിടെയാരെങ്കിലും വന്നു ചോദിക്കുന്ന പക്ഷം അവര്‍ ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ പറഞ്ഞുകൊടുക്കുകയാണ് പതിവ്. എന്തിനു ഞാന്‍ മടിക്കുന്നു. ചുമടിറക്കട്ടെ; ആവശ്യമുള്ളവര്‍ പേറട്ടേ.” [ ശ്രീ വി. നാരായണമേനോനോട് ശ്രീ ചട്ടമ്പിസ്വാമികള്‍ പറഞ്ഞത്. ]

സര്‍ക്കാര്‍ ജോലിയിലിരുന്ന്‍ ആവശ്യക്കാരെ പിഴിഞ്ഞ് കൈക്കൂലി വാങ്ങി അര്‍മാദിച്ച് ജീവിക്കുന്നവര്‍ക്കും ഉള്ളിന്റെയുള്ളായ മനസ്സാക്ഷി എന്നൊന്നുണ്ട്. അവരുടെ തെറ്റായ പ്രവര്‍ത്തികള്‍, ഇടയ്ക്കിടെ അവരെ കുത്തിക്കൊണ്ടിരിക്കും.

ഞാന്‍ കുറച്ചു രൂപയല്ലേ കൈക്കൂലിയായി വാങ്ങുന്നുള്ളൂ, എന്നെക്കാള്‍ കൂടുതല്‍ വാങ്ങുന്ന ധാരാളംപേരെ എനിക്കറിയാം, ഞാന്‍ വാങ്ങിയില്ലെങ്കില്‍ ഓഫീസില്‍ ഞാന്‍ ഒറ്റപ്പെട്ടുപോകും, കൈക്കൂലി എല്ലാവര്‍ക്കും കൂടി പങ്കിട്ടു കൊടുക്കുന്നതല്ലേ, പാര്‍ട്ടിക്കുവേണ്ടിയല്ലേ കൈക്കൂലി വാങ്ങുന്നത്, എന്നിങ്ങനെ എന്തൊക്കെ സാധൂകരണം കണ്ടെത്തിയാലും, ഒരുവന്റെ മനസ്സാക്ഷി അവനെ വിടില്ലതന്നെ. അതവനെ ഇടയ്ക്കിടയ്ക്ക് കുത്തിക്കൊണ്ടിരിക്കും.

ജീവിതത്തില്‍ ഓരോന്ന് സംഭവിക്കുന്ന അവസരത്തില്‍ അതിനു കാരണം ചിന്തിക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തികള്‍ അയാള്‍ ഓര്‍ക്കും. അതില്‍ നിന്നും രക്ഷ നേടാന്‍ ആരാധാനാലയങ്ങളില്‍ പോയി സാഷ്ടാംഗം നമസ്കരിക്കുകയോ കുമ്പസാരിക്കുകയോ അഞ്ചുനേരം നിസ്കരിക്കുകയോ വഴിപാടുകളും അര്‍ച്ചനകളും നേര്‍ച്ചകളും പള്ളികെട്ടാനുള്ള സഹായവും ഒക്കെ ചെയ്യുകയോ ആയി തെറ്റു മറയ്ക്കാന്‍ ശ്രമിക്കും. ഇതിനിടയില്‍ വല്ല പിടിച്ചുപറിജ്യോത്സ്യന്റെയോ സന്യാസിവേഷം കെട്ടിയ കള്ളന്റെയോ എന്തിനുമേതിനും പൂജാപരിഹാരം ചെയ്യുന്ന പൂജാരിയുടെയോ കയ്യില്‍ച്ചെന്നുപെടുന്നു. എല്ലാ കര്‍മ്മദോഷങ്ങളും തീര്‍ക്കാമെന്നു അവര്‍ ഗ്യാരണ്ടി കൊടുക്കുമ്പോള്‍ അവിടെയും കുറെ കാശ് ചെലവാക്കുന്നു. ഇങ്ങനെ ശിഷ്ടജീവിതം മുന്നോട്ടുപോകുന്നു.

അത്തരം ഉദ്യോഗസ്ഥരെക്കുറിച്ച് ചട്ടമ്പിസ്വാമികള്‍ പറഞ്ഞതാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ഇന്ന് അവരുടെയെണ്ണം വളരെ കൂടിയിരിക്കുന്നു.

ഇത്തരത്തിലൊരു സര്‍ക്കാരുദ്യോഗസ്ഥനെ പട്ടിസദ്യ നടത്തിച്ച് ചട്ടമ്പിസ്വാമികള്‍ യാഥാര്‍ത്ഥ്യം ബോധിപ്പിച്ച കഥ വായിച്ചു കാണുമല്ലോ?


ഉയര്‍ന്ന ഔദ്യോഗിക സ്ഥാനങ്ങളും അധികാരാവകാശങ്ങളും സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിക്കാനുള്ളതല്ലെന്നും സമൂഹനന്മയ്ക്കുവേണ്ടി ഉപയോഗിക്കാനുള്ളതാണെന്നും ഒരു ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താന്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ക്ക് ഒരു അവസരം ലഭിക്കുകയുണ്ടായി.

സ്വാമികളെ ഒരു ഉന്നതനായ സര്‍ക്കാരുദ്യോഗസ്ഥന്‍ തന്‍റെ ഭവനത്തില്‍ ഊണിനു ക്ഷണിച്ചു. സ്വാമികളോടുള്ള ബഹുമാനത്തേക്കാള്‍ തന്‍റെ പ്രതാപം പ്രകടിപ്പിക്കാനുള്ള അവസരമായിട്ടാണ് അയാള്‍ അതിനെ കരുതിയത്. സ്വാമികളും അതൊരു തക്ക സന്ദര്‍ഭമായി കണക്കാക്കി ക്ഷണം സ്വീകരിച്ചു. തന്നോടൊപ്പം മറ്റു ചിലരും കൂടി ഉണ്ടായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

നിശ്ചിത ദിവസം സ്വാമികള്‍ അവിടെ എത്തി. അനുചരന്മാരാരേയും കാണാത്തതില്‍ ആ ഉദ്യോഗസ്ഥന് അസംതൃപ്തി. അയാള്‍ അന്വേഷിച്ചു. അവരൊക്കെ പുറത്തു നില്‍ക്കുകയാണെന്നും സമയമാകുമ്പോള്‍ എത്തിക്കോളുമെന്നും സ്വാമികള്‍ പറഞ്ഞു.

വിശാലമായ മുറിയില്‍ ഇലകള്‍ നിരന്നു. വിഭവങ്ങള്‍ പകര്‍ന്നു. അതാവരുന്നു കുറേ പട്ടികള്‍! അവ വരിവരിയായി വന്ന് തികഞ്ഞ അച്ചടക്കത്തോടെ സ്വാമികള്‍ക്കൊപ്പം ഇലകളുടെ പിന്നില്‍ ഇരുന്നു. ആതിഥേയന്‍ അത്ഭുതസ്തബ്ദനായി നോക്കിനിന്നു. സ്വാമികളുടെ നിര്‍ദ്ദേശപ്രകാരം ചോറുവിളമ്പി. അനുസരണയോടെ അവ ആഹാരം കഴിച്ചു പുറത്തേക്ക് പോയി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥനോട് സ്വാമികള്‍ പറഞ്ഞു.

“വിഷമിക്കാനൊന്നുമില്ല, ഇവരൊക്കെ കഴിഞ്ഞജന്മം സര്‍ക്കാരുദ്യോഗസ്ഥരായിരുന്നു. സമൂഹദ്രോഹം ധാരാളം ചെയ്തിട്ടുണ്ട്. അതിന്‍റെ ഫലമാണ് ഈ ജന്മം ഇങ്ങനെ അനുഭവിച്ചുതീര്‍ക്കുന്നത്.”

അന്യരുടെ നന്മയില്‍ അല്പം പോലും താത്പര്യം കാട്ടാതിരുന്ന ആ ഉദ്യോഗസ്ഥന്‍റെ മനസാക്ഷിയെ തട്ടിയുണര്‍ത്താന്‍ പോന്നതായിരുന്നു ആ സംഭവം.

സ്വാമികളുടെ ജീവിതത്തില്‍ ഇത്തരം പട്ടിസദ്യകള്‍ പലസന്ദര്‍ഭങ്ങളിലും പലവീടുകളിലും വച്ച് ഉണ്ടായിട്ടുള്ളതായി കേട്ടറിവുകള്‍ ധാരാളമുണ്ട്. ഫലിതം പ്രായോഗികമായും എന്നാല്‍ വേദനിപ്പിക്കാതെയും പ്രദര്‍ശിപ്പിക്കുന്നതില്‍ സ്വാമികള്‍ക്ക് അന്യാദൃശമായ ഒരു നൈപുണ്യം ഉണ്ട്. അതിന് ദൃഷ്ടാന്തമാണ് ഇത്തരം സംഭവങ്ങള്‍. മാത്രമല്ല സര്‍വ്വ ഭൂതങ്ങളേയും സമഭാവനയോടെ വീക്ഷിക്കണമെന്ന് എപ്പോഴും ഉപദേശിക്കാറുള്ള സ്വാമികള്‍ തന്‍റെ ആ ആശയത്തിന്, സ്വന്തം ജീവിതരംഗത്തില്‍ നാടകീയമായ രൂപം നല്കി, ഇതെല്ലാം സാധ്യകോടിയില്‍ പെട്ടെതാണെന്നു ലോകത്തിന് കാണിച്ചുകൊടുക്കുന്നതിലും വിജയിച്ചു എന്നുവേണം പറയാന്‍.

ശ്രീ · സാമൂഹികം · 26-09-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *