സാമ്പത്തികശേഷി ഇല്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും ഉന്നതവിദ്യാഭ്യാസത്തിനു അവസരം നിഷേധിക്കപ്പെടരുത് എന്ന് ഉറപ്പുവരുത്തുന്നത്തിനുവേണ്ടി വിവര സാങ്കേതികവിദ്യയുടെ സഹായത്താല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസവായ്പയും സ്‌കോളര്‍ഷിപ്പും സംബന്ധിച്ച സമഗ്ര പദ്ധതിയാണ് ‘പ്രധാനമന്ത്രി വിദ്യാലക്ഷ്മി കാര്യക്രമം’. 2015ലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ പദ്ധതി വാഗ്ദ്ധാനംചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ആരംഭിച്ച വിദ്യാലക്ഷ്മി vidyalakshmi.co.in പോര്‍ട്ടലിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവായ്പകളെ കുറിച്ച് അറിയാനും വിവിധ ബാങ്കുകളില്‍ ലോണിനു അപേക്ഷിക്കാനും അനായാസം കഴിയും.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, മാനവ വിഭവശേഷി മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ തുടങ്ങിയവയുടെ മാർഗ്ഗനിർദേശത്തിൽ NSDL e-Governance Infrastructure Limited (NSDL e-Gov) ആണ് ഈ പോർട്ടൽ വികസിപ്പിച്ചതും പരിരക്ഷിക്കുന്നതും.
വിദ്യാലക്ഷ്മി പോർട്ടലിന്റെ പ്രധാന സവിശേഷതകൾ:
- വിവിധ ബാങ്കുകൾ നല്കുന്ന വായ്പാപദ്ധതികളുടെ വിവരങ്ങള്‍
- വിദ്യാര്‍ത്ഥികൾക്ക് ലോണ്‍ അപേക്ഷിക്കാനുള്ള പൊതുവായ ഫോറം (CELAF)
- ഒന്നിലധികം ബാങ്കുകളിൽ വിദ്യാഭ്യാസ ലോണ്‍ അപേക്ഷിക്കാനുള്ള സൗകര്യം
- ബാങ്കുകളിലേക്കു ലോണിനെക്കുറിച്ചുള്ള ആരായാനുള്ള സൗകര്യം
- അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനുള്ള ഡാഷ്ബോർഡ്
കൂടാതെ, സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകളുടെ വിവരങ്ങള്‍ അറിയാനും അപേക്ഷിക്കാനും സഹായിക്കുന്ന ദേശീയ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലേയ്ക്കും (scholarships.gov.in) ബന്ധപ്പെടുത്തുയിട്ടുണ്ട്.
ഇതുവരെ ഈ പദ്ധതിയില്‍ ചേര്‍ന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, IDBI ബാങ്ക്, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, വിജയ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങി 20 ബാങ്കുകളുടെ 34 വിദ്യാഭ്യാസ വായ്പാ പദ്ധതികള്‍ ഈ പോര്‍ട്ടലില്‍ ചേര്‍ത്തിട്ടുണ്ട്.
vidyalakshmi.co.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അംഗമായി അപേക്ഷാഫോറം പൂരിപ്പിച്ചതിനു ശേഷം, വിദ്യാലക്ഷ്മിയിൽ ചേര്‍ന്നിട്ടുള്ള ബാങ്കുകളുടെ വിവിധ വായ്പ്പാപദ്ധതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
Discussion about this post