കഴക്കൂട്ടം -വെഞ്ഞാറമൂട് ഹൈവെ ബൈപാസില്‍ കോലിയക്കോട് സൊസൈറ്റി ജങ്ങ്ഷനില്‍ നിന്നും വേങ്ങോട് പോകുന്ന റോഡില്‍ രണ്ടര കിലോമീറ്റര്‍ പോയാല്‍ വെള്ളാനിയ്ക്കല്‍ പാറയുടെ മുകള്‍ പരപ്പില്‍ എത്താം. പടിഞ്ഞാറ് അറബിക്കടല്‍ കാണാം, വൈകിട്ട് കാറ്റുംകൊണ്ട് സൂര്യാസ്തമയം ആസ്വദിക്കാം – ചിത്രത്തിലേതുപോലെ. തെക്കുവശത്ത് ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും വടക്കുകിഴക്ക് ഗോകുലം മെഡിക്കല്‍കോളേജും. ഇതിനെല്ലാമിടയില്‍ നിറയെ പച്ചപ്പും. അങ്ങനെ വൈകുന്നേരങ്ങളില്‍ പാറയിലെ ചെറുചൂടും (അഗ്നി) മന്ദമാരുതനും (വായു) ഹരിതാഭമായ ഭൂമിയും വര്‍ണ്ണശബളമായ ആകാശവും അങ്ങുദൂരെ അറബിക്കടലും (ജലം) ആസ്വദിക്കാം.
വഴി: https://goo.gl/maps/0GKSn
- ഇവിടെ Greenveinന്റെ ഭാഗമായി മരത്തൈകള്‍ നട്ടിരുന്നു എന്ന് ഫെയ്സ്ബുക്കില്‍ കണ്ടിരുന്നു. പക്ഷെ ഇപ്പോള്‍ അവിടെ തൈകളൊന്നും കണ്ടില്ല – കാട്ടുചെടികള്‍ക്കിടയില്‍ ഞാന്‍ കാണാതെ പോയതാണോ കാണാനായി അവയവിടെ ഇല്ലാതിരുന്നതാണോ? അറിയില്ല.
- അവിടെ ഇപ്പോഴും ‘കുപ്പി’ശ്ശല്യം ഉണ്ട്. ഫുള്‍ അടിച്ച് കുപ്പി എറിഞ്ഞുടച്ച് ആസ്വദിക്കുന്നവര്‍ ഇപ്പോഴും കുറവല്ല.
- ഇവിടെയൊരു ചെറിയ ആയിരവില്ലി അമ്പലം ഉണ്ട്, വൈകിട്ട് പാട്ടും ശല്യവും വൈദ്യുതിയും ഒന്നുമില്ല – വിളക്കിന്റെ സൗന്ദര്യം മാത്രം.വെള്ളിയാഴ്ചപോലുള്ള പ്രത്യേക ദിവസങ്ങളില്‍ കുറച്ച് ആളുകള്‍ അതിനായും എത്താറുണ്ട്.
- പാറയുടെ താഴെ തെക്കുപടിഞ്ഞാറ് വശത്തായി ഒരു ചെറിയ ഗുഹയുണ്ട്. രണ്ടോ മൂന്നോ പേര്‍ക്ക് അവിടെ ഇരിക്കാനും സംസാരിക്കാതിരിക്കാനും കൊള്ളാം – ശരിക്കും ആ സ്ഥാനം അറിവുള്ളവര്‍ക്കുമാത്രം.
Discussion about this post