വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ SNDPY സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചില്ലെങ്കിലും, ഏതെങ്കിലും ഒരു പക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു നോക്കാം. SNDPY ശാഖകള്‍ വഴി കുറച്ചൊക്കെ പ്രവര്‍ത്തിച്ച് വോട്ടിന്റെ ഗതിയും പ്രവര്‍ത്തക നെറ്റ്‌വര്‍ക്കും അവരുടെ രാഷ്ട്രീയ മനോഭാവവും നിലപാടുകളും വിലയിരുത്താന്‍ ശ്രമിക്കാം. പിന്തുണച്ച പാര്‍ട്ടിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കിട്ടിയാല്‍ അതുവച്ച് പാര്‍ട്ടിരൂപീകരണവുമായി മുന്നോട്ടു പോകാം. അതിനിടയില്‍ ആരെങ്കിലും നന്നായി സ്വാധീനിച്ചാല്‍ പാര്‍ട്ടി രൂപീകരണം ചിന്തിച്ചിട്ടേയില്ല എന്നു പ്രസ്താവിക്കാം.
സംസ്ഥാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും ജയിക്കാന്‍ സാധ്യത കാണുന്നെങ്കില്‍ അവരോടൊപ്പം കൂടിയാലും തെറ്റില്ല. എന്തെങ്കിലും സ്പെഷ്യല്‍ സാഹചര്യം അന്ന് ഉടലെടുത്താല്‍ വീണ്ടും കോണ്‍ഗ്രസിനുതന്നെ ചാന്‍സ് കിട്ടിയാലോ? ഉമ്മന്‍ചാണ്ടി രാഷ്ട്രീയക്കളിയുടെ ആശാനാണല്ലോ, എന്തും ചെയ്യും.
ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ ജനത്തിനു ക്ഷമകെട്ടെങ്കിലും ആ സ്ഥാനം ഏറ്റെടുക്കാന്‍ തക്കതായി സിപിഎം ഉയര്‍ന്നില്ല എന്ന കാരണത്താല്‍ നിഷ്പക്ഷ വോട്ടുകള്‍ നേടി ഭരണം പിടിക്കാനുള്ള സാധ്യത സിപിഎം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ കയ്യിലും ഇനി എന്തെങ്കിലും സ്പെഷ്യല്‍ പ്ലാനുണ്ടോ ആവോ? തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ തെളിയുന്ന ചിത്രം അനുസരിച്ച് അന്ന് തീരുമാനിക്കാം അല്ലേ?
ഭരണം പിടിക്കാന്‍ തക്ക സീറ്റുകള്‍ ബിജെപി നേടിയില്ലെങ്കിലും ഒരു വിലപേശല്‍ ശക്തിയാവുമോ? കേരളത്തില്‍ ബിജെപി ശക്തിപ്പെടുമെന്നുണ്ടെങ്കില്‍ അവരോടൊപ്പം കൂടിയാല്‍ ഒന്നോ രണ്ടോ എംഎല്‍എ സ്ഥാനം കേരളത്തിലും തദ്വാരാ വിലപേശല്‍ തുടര്‍ന്ന്‍ രാജ്യസഭ വഴി ഒരു സഹമന്ത്രി കിട്ടിയാലും കുശാല്‍.
പക്ഷെ ഇപ്പോഴത്തെ കാര്യങ്ങളുടെ കിടപ്പുവച്ച് ഒന്നും പ്രവചിക്കാന്‍ പറ്റുന്നില്ല. ആകെ കണ്‍ഫ്യൂഷന്‍ ആണ്. വേണ്ട… വേണം… വേണ്ടണം എന്നതാണ് മൂന്നുപേരുമായുമുള്ള നില. അതിനാല്‍ എല്ലാവരെയും ഓരോന്നു കുറ്റം പറഞ്ഞും സുഖിപ്പിച്ചും ഗോദയില്‍ പിടിച്ചു നില്‍ക്കാം, വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാം. സാധ്യത തെളിയുമ്പോള്‍ ഏതെങ്കിലും ഒരു പക്ഷത്തു ചേരാം.
ഇനി ആരും മൈന്‍ഡ് ചെയ്തില്ലെങ്കില്‍ പഴയപോലെ ജയിച്ചവരെ പിന്തുണയ്ക്കുന്നു എന്ന് പിന്നീട് പ്രസ്തവാന നടത്താം. കൂടാതെ വരുന്ന ദിവസങ്ങളില്‍ ഹിന്ദുഐക്യം പറഞ്ഞ് ഇടയ്ക്കിടെ എന്‍എസ്എസിന്റെ ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ക്കിട്ടു ഓരോ തട്ടുകൊടുക്കാം – ആള്‍ക്കാരുടെ സപ്പോര്‍ട്ടും കിട്ടും, വാര്‍ത്തയില്‍ സ്ഥാനവും കിട്ടും.
അതാണ് നമ്മുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രൂപരേഖ. അതിനാല്‍ ഇപ്പോള്‍ വെള്ളാപ്പള്ളിയെ കണ്ടിട്ട് ബിജെപിയുടെ കൂടെയാണ് എന്നുകരുതുന്ന ബിജെപി അനുഭാവികള്‍ നാളെ മറ്റൊരു അവസ്ഥ വന്നാല്‍ അത് താങ്ങാനുള്ള മനസ്സ് ഇപ്പോഴേ ശക്തമാക്കി വയ്ക്കുന്നത് നല്ലതാണ് എന്നൊരു മുന്നറിയിപ്പ് തന്നിട്ട് നിര്‍ത്തുന്നു.
Discussion about this post