പുരുഷന്റെ കടമ

chattampi-swamikal

ശ്രീ ചട്ടമ്പിസ്വാമികള്‍ എഴുതിയ പ്രപഞ്ചത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കുള്ള സ്ഥാനം എന്ന പ്രബന്ധത്തില്‍ നിന്നും സമാഹരിച്ചത്.

പുരുഷന്റെ സ്ഥിതിയും, പ്രയത്‌നവും തല്‍ഫലവും ഒന്നും തനിക്കുള്ളതല്ല, എല്ലാം സ്ത്രീക്കും അവളുടെ സന്താനങ്ങള്‍ക്കും ഉള്ളതാണ്.

പരമാര്‍ത്ഥത്തില്‍ പുരുഷനും സ്ത്രീയും അന്യോന്യം ആശ്രയിക്കാതെ കഴിവില്ലെങ്കിലും പുരുഷന്റേതു സ്ത്രീയെ അപേക്ഷിച്ചുനോക്കുകയാണെങ്കില്‍, ഒരു ഉദാസീനന്റെ നില മാത്രമാണ്. ബ്രഹ്മസാന്നിദ്ധ്യം മാത്രം കൊണ്ട് സര്‍വപ്രപഞ്ചരചനയ്ക്കും ആ മൂലശക്തിയെ ശക്തമാക്കിത്തീര്‍ക്കുന്നതുപോലെ പുരുഷന്‍ സ്ത്രീക്കു വശംവദനായി നിന്ന് ഓരോ ശരീരപ്രപഞ്ചത്തെ സൃഷ്ടിച്ചു സംസാരചക്രം പ്രവര്‍ത്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവന്‍ പ്രസവാദിയായ ക്ലേശങ്ങളും, ഗൃഹഭരണാദി കൃത്യഭാരങ്ങളും ഇല്ലാത്തവനും, അവന്റെ ശരീരനിര്‍മ്മാണം അവയ്ക്കു പറ്റാത്തതും ആണ്.

കാര്യപ്രപഞ്ചത്തില്‍, പുരുഷനേക്കാള്‍ അധികം ക്ലേശവും ബുദ്ധിമുട്ടും ഉത്തരവാദിത്വവും സ്ത്രീക്കാകയാലും, സമുദായ വൃദ്ധിക്ഷയങ്ങള്‍ക്കു സ്ത്രീയുടെ കാര്യഭരണം വാസ്തവത്തില്‍ ഹേതുവായിരിക്കകൊണ്ടും അവള്‍ക്കാണ് രണ്ടിലും പ്രാധാന്യമുള്ളത്.

ഏതു പാഴ്‌വേലചെയ്തും കാടുകയറിയും നാടോടിയും, തെണ്ടിത്തിരിഞ്ഞും സ്വന്തം കടമ നിര്‍വഹിച്ചു സ്വജനപരിരക്ഷ ചെയ്യേണ്ടതിനത്രേ പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത്.

നമ്മെ വയറ്റിനുള്ളില്‍ ചുമന്നു പല സങ്കടങ്ങളും അനുഭവിച്ചു, പെറ്റ് ഓമനിച്ചു വളര്‍ത്തി, നമ്മുടെ യോഗക്ഷേമങ്ങളില്‍ ജാഗരൂകയായി നമ്മെ നിത്യവും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അമ്മയ്ക്ക് പുത്രരായ നാം എന്തു പ്രത്യുപകാരമാണ് ചെയ്യാന്‍ സാധിക്കുന്നത്? ഒന്നും സാധിക്കുകയില്ല. ഉള്ളലിവിനും ക്ഷമയ്ക്കും ഇരിപ്പിടമായ ആ മൂര്‍ത്തിവിശേഷത്തിനായ്‌ക്കൊണ്ട് നിത്യവും നമസ്‌കാരങ്ങള്‍ ചെയ്യുകയേ നിര്‍വ്വാഹമുള്ളൂ.

ജനനിയുടെ ആകാംക്ഷകൊണ്ടും, കായക്ലേശങ്ങള്‍കൊണ്ടും മനഃക്ലേശംകൊണ്ടും പിതാവിന്റെ സാന്നിദ്ധ്യംകൊണ്ടും ജനിച്ചുണ്ടായിവരുന്ന സ്ത്രീപുരുഷന്മാര്‍ക്കു അവരവരുടെ നിലയ്ക്കും ശരീര നിര്‍മ്മാണത്തിനും അനുസരിച്ചു കടമയുണ്ട്. സകല ശരീരങ്ങള്‍ക്കും പ്രഥമമായ കടപ്പാട് ആ അത്ഭുതമൂര്‍ത്തിയായ അമ്മയുടെ നേര്‍ക്കാണെന്നുമാത്രം കരുതിക്കൊള്ളണം. ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ’ എന്ന പ്രമാണം ഇവിടെ സ്മരണീയം തന്നെ. ഈ കടമ തീര്‍ക്കുന്നതിനു സദാ പ്രയത്‌നിക്കുന്ന അത്യുത്തമ പുത്രനുംകൂടി സാധിക്കുന്നതല്ല. സാന്നിദ്ധ്യംകൊണ്ട് നമ്മുടെ അമ്മയെ സഹായിക്കുന്ന അച്ഛന്റെ നേര്‍ക്കാണ് രണ്ടാമത്തെ കടമ. തന്റെ അമ്മയുടെ അധിവാസത്തിനും രക്ഷയ്ക്കും തന്നെ പ്രസവിക്കുന്നതിനും ഇടം അനുവദിച്ചുതന്ന തന്റെ ഗൃഹമത്രേ മൂന്നാമതായി പ്രാധാന്യം അര്‍ഹിക്കുന്നത്. അമ്മ ജഗദംബയും, അച്ഛന്‍ ജഗല്‍പിതാവും എന്നു സങ്കല്പിച്ചപ്പോള്‍ നമ്മുടെ ഗൃഹം പവിത്രമായ ഒരു ക്ഷേത്രമാകുന്നു.

പുരുഷന് അവന്റെ അമ്മയുടെ നേര്‍ക്കുള്ള കടമ, മാതാവ് അവനുവേണ്ടി അനുഭവിച്ചിട്ടുള്ള ക്ലേശങ്ങളോടു തട്ടിച്ചുനോക്കുമ്പോള്‍ എത്രമാത്രം തുച്ഛമായിരിക്കുമെന്ന് പറയേണ്ടതില്ല. അതിനാല്‍ ആ ജഗദംബയ്ക്കു തുല്യമായ അമ്മയോട് കൃതജ്ഞത പ്രദര്‍ശിപ്പിക്ക, അവരെ പരിരക്ഷിക്ക, അവരുടെ ആഗ്രഹങ്ങള്‍ക്കു മനഃശരീരങ്ങളാല്‍ പ്രതികൂലിക്കാതിരിക്ക, അവരെ ആരാധിക്ക, ആ ദേവീസ്വരൂപത്തില്‍ കാണുന്ന അന്യസ്ത്രീകളെ വണങ്ങുക, മുതലായവ ചെയ്യണം.

ഉത്തമനായ പുരുഷന്‍ തെണ്ടിയിട്ടെങ്കിലും തന്റെ കടമ തീര്‍ക്കും.

എല്ലാറ്റിനും ശേഷം സംസാരപ്രവര്‍ത്തനത്തിനും, സമുദായ നിലനില്‍പിനും വേണ്ടി പ്രകൃതിചോദിതനായി മാതാവിന്റെ ഇച്ഛ നിമിത്തം കളത്രവാനായി ഭവിക്കും. തന്റെ ശരീരമെടുത്തു പുത്രന്മാര്‍ ജനിക്കുമ്പോള്‍, ആ ഓരോ ശരീരത്തിനും രക്ഷയ്ക്കാവശ്യമുള്ള ആഹാരക്ഷേത്രവസ്ത്രാദികളും വെവ്വേറെ സംഭരിച്ചുകൊടുക്കണം.

സകലകാര്യവും അതിന്റെ അവസ്ഥാനുസാരം ചെയ്തുതീര്‍ക്കണമെങ്കില്‍ ഒന്നുംതന്നെ തന്റെ അനുഭവത്തിലുള്ളതല്ലെന്നും തനിക്കു യാതൊന്നിലും അവകാശവും അധികാരവും ഇല്ലെന്നും ഉള്ള ബോധം നല്ലവണ്ണം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്വേച്ഛാപ്രഭുത്വവും സ്വാര്‍ത്ഥതയും സ്ഥലംപിടിച്ച് അവനും മറ്റുള്ളവര്‍ക്കുമുള്ളത് ആര്‍ക്കുമില്ലാതെ കുട്ടിച്ചോറാക്കിക്കളയുവാന്‍ ഇടവരികയും ചെയ്യും. തന്റെ കടമകള്‍ യഥാര്‍ഹം നിര്‍വ്വഹിക്കുന്നവനത്രെ യഥാര്‍ത്ഥ പുരുഷന്‍.

തന്റെ യഥാര്‍ത്ഥ ധര്‍മ്മമാലോചിച്ചാല്‍ അങ്ങോട്ടുണ്ടാക്കി കൊടുക്കയല്ലാതെ ഇങ്ങോട്ടൊരു ചില്ലിപോലും ഒരുകണ്ടം തുണിപോലും സ്വാനുഭവത്തിനെടുക്കുവാന്‍ അര്‍ഹതയും അധികാരവുമില്ലാതെ കേവലഭൃത്യനെപ്പോലെ വര്‍ത്തിക്കേണ്ട പുരുഷന്‍, സര്‍വ്വസ്വാതന്ത്ര്യവും യജമാനത്വവും നടിച്ച് തന്നിഷ്ടം നിമിത്തം എല്ലാം തനിക്കുവേണം എന്നത്യാര്‍ത്തിപിടിച്ച് സര്‍വ്വസ്വവും വിഴുങ്ങാന്‍ തുടങ്ങിയാലത്തെ കഥ പറയണോ? അവനെ മാതൃദ്രോഹിയെന്നോ, പിതൃദ്രോഹിയെന്നോ, ഗുരുദ്രോഹിയെന്നോ പറഞ്ഞാല്‍പ്പോരാ, മാതാപിതാക്കള്‍ സാക്ഷാല്‍ ശിവശക്തികളാകയാലും, അവരുടെ ഐകമത്യത്താല്‍ ഉണ്ടായിട്ടുള്ളതും, ഏകമതിയായുള്ള ഇച്ഛയില്‍ എന്നും ഒന്നായിത്തന്നെ നിലനില്‍ക്കണമെന്നു അവര്‍ കരുതിവച്ചിട്ടുള്ളതുമായ സ്വത്ത്, സ്വധര്‍മ്മത്യാഗംകൊണ്ടു മാത്രമല്ല, അധര്‍മ്മപ്രവൃത്തികൊണ്ടുകൂടി ധ്വംസിക്കുന്നവനാകകൊണ്ടും അവനെ യഥാര്‍ത്ഥത്തില്‍ ബ്രഹ്മഘാതി (ആത്മരാക്ഷസനായി) യായിത്തന്നെ കരുതണം.

ലോകരഞ്ജനയ്ക്കായി നാം പ്രയത്‌നിക്കണം. പ്രകൃത്യാ അവരവര്‍ക്കു വച്ചിട്ടുള്ള ധര്‍മ്മമനുസരിച്ച് സ്വസ്വകാര്യങ്ങളില്‍ യാതൊരു നീക്കുപോക്കും വരാതെ താനാണ് സകലവും നടത്തേണ്ടതെന്നുള്ള ബുദ്ധിയോടുകൂടി സ്ത്രീയും തനിക്കിതില്‍ യാതൊന്നുമില്ല, സര്‍വ്വവും സ്ത്രീക്കും അവളുടെ സന്താനങ്ങള്‍ക്കുമാണ്, തന്റെ ശ്രമം അവര്‍ സുഖമായിരിക്കുന്നതിലേയ്ക്കു മാത്രമാകുന്നു, അവരുടെ ക്ഷേമം തന്നെ തന്റെയും ക്ഷേമം എന്നുള്ള മഹാമനസ്‌കതയോടുകൂടി പുരുഷനും, അന്യോന്യാശ്രയമായി ഏകമതിയോടെ പ്രവര്‍ത്തിച്ചും കൊണ്ടാല്‍ യാതൊരു പ്രയത്‌നവും കൂടാതെ ഐകമത്യവും ശ്രേയസ്സും സ്വയമേ വന്നുചേരും. അപ്രകാരം ഭവിച്ചാല്‍ ശരീരം എടുക്കുന്നതുകൊണ്ടുള്ള പ്രയോജനവും ക്ഷിപ്രസാദ്ധ്യമായിത്തീരും.

[ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനായിരുന്ന സാഹിത്യകുശലന്‍ ശ്രീ. ടി. കെ. കൃഷ്ണമേനോന്റെ പത്‌നി ശ്രീമതി. ടി. വി. കല്യാണിയമ്മ ഒരിയ്ക്കല്‍ ചട്ടമ്പി സ്വാമികളോട് സ്ത്രീകള്‍ക്ക് പ്രയോജനപ്രദമായ ഒരു വിഷയത്തെപറ്റി ഉപന്യസിക്കണമെന്ന് അപേക്ഷിച്ചു. അതുപ്രകാരം സ്വാമികള്‍ എറണാകുളത്ത് സ്ത്രീ സമാജത്തില്‍ ചെയ്ത പ്രഭാഷണമാണ് ”പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം” എന്ന ഈ പ്രബന്ധം.]

ശ്രീ · ലേഖനം · 16-09-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *