[ “പ്രപഞ്ചത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കുള്ള സ്ഥാനം” എന്ന പ്രബന്ധത്തില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ എഴുതിയത്. www.fb.com/ChattampiSwami]
പുരുഷന് അവന്‍ എത്രമാത്രം നല്ലവനായിരുന്നാലും ലൗകികമായ സഹായങ്ങള്‍ ചെയ്യുവാന്‍ നല്ല കഴിവുള്ളവനായിരുന്നാലും അവന്റെ അമ്മയുടെ നേര്‍ക്കുള്ള കടമ, മാതാവ് അവനുവേണ്ടി അനുഭവിച്ചിട്ടുള്ള ക്ലേശങ്ങളോടു തട്ടിച്ചുനോക്കുമ്പോള്‍ എത്രമാത്രം തുച്ഛമായിരിക്കുമെന്ന് പറയേണ്ടതില്ല. അതിനാല്‍ ആ ജഗദംബയ്ക്കു തുല്യമായ അമ്മയോട് കൃതജ്ഞത പ്രദര്‍ശിപ്പിക്ക, അവരെ പരിരക്ഷിക്ക, അവരുടെ ആഗ്രഹങ്ങള്‍ക്കു മനഃശരീരങ്ങളാല്‍ പ്രതികൂലിക്കാതിരിക്ക, അവരെ ആരാധിക്ക, ആ ദേവീസ്വരൂപത്തില്‍ കാണുന്ന അന്യസ്ത്രീകളെ വണങ്ങുക, മുതലായവ ചെയ്യണം.
തന്റെ ശരീര രക്ഷയ്ക്കു അന്യര്‍ ഒരു ക്ഷേത്രവും (വാസസ്ഥാനം) വിഭവസാമഗ്രികളും തയ്യാറാക്കിയപോലെ തക്കതായ കരുതലുകള്‍, തന്റെ ശേഷം ഉത്ഭവിക്കുന്നവര്‍ക്കുംവേണ്ടി ചെയ്തുവയ്ക്ക എന്നതാണ് ഗൃഹസംബന്ധമായ കടമ. ഉത്തമനായ പുരുഷന്‍ തെണ്ടിയിട്ടെങ്കിലും തന്റെ കടമ തീര്‍ക്കും. എല്ലാറ്റിനും ശേഷം സംസാരപ്രവര്‍ത്തനത്തിനും, സമുദായ നിലനില്‍പിനും വേണ്ടി പ്രകൃതിചോദിതനായി മാതാവിന്റെ ഇച്ഛ നിമിത്തം കളത്രവാനായി ഭവിക്കും. തന്റെ ശരീരമെടുത്തു പുത്രന്മാര്‍ ജനിക്കുമ്പോള്‍, ആ ഓരോ ശരീരത്തിനും രക്ഷയ്ക്കാവശ്യമുള്ള ആഹാരക്ഷേത്രവസ്ത്രാദികളും വെവ്വേറെ സംഭരിച്ചുകൊടുക്കണം. ഇതിനു വിപരീതം പ്രവര്‍ത്തിക്കുന്നവന്‍, ഈ ഒടുവില്‍പറഞ്ഞ കടമ തീര്‍ക്കുന്നതിനുപകരം മായാപ്രപഞ്ചത്തിനുള്ള കഷ്ടാരിഷ്ടങ്ങള്‍ക്ക് അധികം വളം ചേര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സകലകാര്യവും അതിന്റെ അവസ്ഥാനുസാരം ചെയ്തുതീര്‍ക്കണമെങ്കില്‍ ഒന്നുംതന്നെ തന്റെ അനുഭവത്തിലുള്ളതല്ലെന്നും തനിക്കു യാതൊന്നിലും അവകാശവും അധികാരവും ഇല്ലെന്നും ഉള്ള ബോധം നല്ലവണ്ണം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്വേച്ഛാപ്രഭുത്വവും സ്വാര്‍ത്ഥതയും സ്ഥലംപിടിച്ച് അവനും മറ്റുള്ളവര്‍ക്കുമുള്ളത് ആര്‍ക്കുമില്ലാതെ കുട്ടിച്ചോറാക്കിക്കളയുവാന്‍ ഇടവരികയും ചെയ്യും. തന്റെ കടമകള്‍ യഥാര്‍ഹം നിര്‍വ്വഹിക്കുന്നവനത്രെ യഥാര്‍ത്ഥ പുരുഷന്.
Discussion about this post