ഭഗവദ്ഗീതയും നിങ്ങളുടെ വയസ്സും!

whatsapp-gita-shloka-age-spam

“ഭഗവദ്ഗീതയില്‍ ആകെ 115 ശ്ലോകങ്ങള്‍. അതില്‍ നിന്നും നിങ്ങളുടെ ജന്മവര്‍ഷം കുറയ്ക്കുമ്പോള്‍ ഇപ്പോഴത്രേ വയസ്സു കിട്ടും. അത്യത്ഭുതം!”
115 –
93

22

ഇതുപോലെ ഒരു ആനമണ്ടത്തരം (ആന ക്ഷമിക്കട്ടെ) വാട്സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. ഫെയ്സ്ബുക്കിലും കാണുമായിരിക്കും.

പിന്നെയെന്താണ് ശരിയായത്?

1. ഭഗവദ്ഗീതയില്‍ 700 ശ്ലോകങ്ങള്‍ ഉണ്ട്.
2. മുകളിലെ കണക്ക് വളരെ ലളിതമാണ്. അതിനു ഭഗവദ്ഗീതയുമായി യാതൊരു ബന്ധവുമില്ല.

നമ്മുടെ വയസ് = ഈ വര്‍ഷം (2015) മൈനസ് ജനിച്ച വര്‍ഷം (1993)
2015 –
1993
—-
22

കൂടുതല്‍ മനസ്സിലാക്കാന്‍:
2015 = 1900 + 115
1993 = 1900 + 93

അതായത് ഇവയില്‍ നിന്നും പൊതുവായ 1900 മാറ്റിയാല്‍ 115 ഉം 93 ഉം മാത്രം അവശേഷിക്കും. അതായത് 2015ല്‍ നിന്നും 1993 കുറയ്ക്കുന്നതും 115ല്‍ നിന്നും 93 കുറയ്ക്കുന്നതും ഒരുപോലെയാണ് എന്നര്‍ത്ഥം.

അതായത്,

2015 – 1993
= (1900 + 115) – (1900 + 93)
= 1900 + 115 – 1900 – 93
= 115 – 93
= 22

അങ്ങനെ മനസ്സിലായില്ലെങ്കില്‍, ഇങ്ങനെയും ചിന്തിക്കാം. പത്തിന്റെ സ്ഥാനത്തുള്ള അക്കങ്ങള്‍ കുറയ്ക്കുമ്പോള്‍ (1 മൈനസ് 9) നൂറിന്റെ സ്ഥാനത്തുനിന്നും ഒരു ‘ഒന്ന്‍’ കടമെടുക്കുന്നു. നൂറിന്റെ സ്ഥാനത്തു പൂജ്യം ആയതിനാല്‍ ആയിരത്തിന്റെ സ്ഥാനത്തുള്ള 2-ല്‍ നിന്നും ഒന്നെടുത്ത് നൂറില്‍ കൊണ്ടുവന്ന് അവിടെ പത്താക്കിയിട്ട് ആ നൂറിന്റെ സ്ഥാനത്തു ഒന്‍പതു കൊടുത്തിട്ട് ബാക്കി ഒന്ന് പത്തിന്റെ സ്ഥാനത്തുകൊണ്ടുപോയി 11-ല്‍ നിന്നും 9 കുറയ്ക്കുന്നു, 2 കിട്ടുന്നു. ഇനി മുകളിലും താഴെയും ഇടതുവശത്ത്‌ ബാക്കിയുള്ളത് 19 മാത്രം. അങ്ങനെയല്ലേ നമ്മള്‍ കണക്കു കൂട്ടാന്‍ സ്കൂളില്‍ പഠിച്ചത്?

അതില്‍ 115നെയും 93നെയും മാത്രം ഉള്‍ക്കൊള്ളിച്ച് കണക്കുണ്ടാക്കിയിട്ട് ഭഗവദ്ഗീതയിലെ അത്ഭുതമായി ചിത്രീകരിക്കുന്നു, ഭഗവദ്ഗീതയില്‍ എത്ര ശ്ലോകം ഉണ്ടെന്നു പോലും അറിയാത്ത ഹിന്ദുക്കള്‍ അപ്പോള്‍ ആരായി? 🙂

ഭഗവദ്ഗീതയെ കുറിച്ച് തെറ്റായ വിവരം ഉള്‍ക്കൊള്ളുന്ന ആ പോസ്റ്റര്‍ കാണുന്ന ഏതൊരു മനുഷ്യനും മറ്റെല്ലാം മറന്നുപോയാല്‍ 115 മാത്രം ഓര്‍മ്മിക്കും – കാരണം അതാണ്‌ ഈ കണക്കിലെ (ഈ വര്‍ഷത്തെ) പ്രധാനപ്പെട്ട സംഖ്യ. എന്നിട്ട് അതാണ്‌ ഭഗവദ്ഗീതയിലെ ആകെ ശ്ലോകങ്ങളുടെ എണ്ണം എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും! മനുഷ്യമനസ്സിന്റെ ഈ സ്വഭാവം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരം തെറ്റുകള്‍ പ്രചരിപ്പിക്കാന്‍ ചില ദുഷിച്ച മനസ്സിനു ഉടമകള്‍ മുന്‍കൈ  എടുക്കുന്നത്.

അടുത്ത വര്‍ഷം ഇത് പ്രചരിക്കുമ്പോള്‍ ഭഗവദ്ഗീതയില്‍ 116 ശ്ലോകം എന്നാകും പ്രചരിക്കുക. നാരായണ ഗുരുവിന്റെ ആത്മോപദേശ’ശതക’ത്തില്‍ 116 ശ്ലോകം എന്ന് പ്രചരിപ്പിക്കാതിരുന്നാല്‍ ഭാഗ്യം! (ശതം = 100, ശതകം – നൂറെണ്ണം ഉള്ളത്.)

ശ്രീ · നര്‍മ്മം · 15-09-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *