കാലണയോ അരക്ഷണമോ ചെലവാക്കാതെയുള്ള ഫോര്‍വേഡ്/ഷെയര്‍ ‘സാമൂഹ്യസേവനപരവേശം’ നമുക്ക് വേണോ?
വാട്സ്ആപിലും ഫെയ്സ്ബുക്കിലും വരുന്ന സേവനമോ സഹായമോ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങളും ചിത്രങ്ങളും, രണ്ടാമതൊന്നുകൂടി ആലോചിക്കാതെ, സന്ദേശത്തിലുള്ള ഫോണ്‍ നമ്പറില്‍ വിളിച്ചോ ഇമെയില്‍ അയച്ചോ ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തോ സത്യാവസ്ഥ അന്വേഷിക്കാതെ, കിട്ടിയപാടെ ഗ്രൂപ്പുകളിലും സുഹൃത്തുക്കള്‍ക്കും മറ്റും ഫോര്‍വേഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും ‘ഞാന്‍ സേവനം ചെയ്യുന്നു’ അല്ലെങ്കില്‍ ‘ഞാന്‍ നല്ലവനാണ്’ എന്ന് അവനവന്റെ മനസിനെ ബോധിപ്പിക്കാന്‍വേണ്ടി മാത്രമല്ലേ എന്ന് കരുതേണ്ടിയിരിക്കുന്നു.
“ഫോര്‍വേഡ് ചെയ്യുന്നതുകൊണ്ട് എനിക്ക് കൂടുതല്‍ സമയനഷ്ടമോ ധനനഷ്ടമോ ‘ചിന്താ’നഷ്ടമോ ഇല്ല, എന്റെ കരുണാമയമായ മനസ്സിനെ കുറിച്ച് കിട്ടുന്നവര്‍ നല്ലത് വിചാരിക്കും, ഇതുകിട്ടുന്ന ആരെങ്കിലും അവരെ സഹായിച്ചാല്‍ അതിന്റെ പുണ്യത്തിന്റെ ഒരംശം എനിക്കും കൂടി കിട്ടട്ടെ” – എന്നതാണ് അത്തരക്കാരുടെ ചിന്താഗതി!
മറ്റൊരാളെ സഹായിക്കാനാണ് ആഗ്രഹമെങ്കില്‍ എല്ലാ ആറുമാസം കൂടുമ്പോഴും സര്‍ക്കാര്‍ ബ്ലഡ് ബാങ്കില്‍ രക്തം കൊടുത്താല്‍ ആര്‍ക്കെങ്കിലും പ്രയോജനമുണ്ടായേക്കും. അല്ലെങ്കില്‍ മാസാമാസം ഏതെങ്കിലും ബാലാശ്രമത്തിലോ സേവാഭാരതിയ്ക്കോ അവനവനാല്‍ കഴിയുന്ന കുറച്ചു പണമോ സാധനമോ കൊടുക്കാം. അതല്ലാതെ കിട്ടിയപാടെ മെസ്സേജ് ഫോര്‍വേഡ് ചെയ്ത് ഇന്റര്‍നെറ്റ് സ്പേസ് മലിനീകരിക്കുന്ന സ്പാമാര്‍മാരോട് നമ്മളും കൂടണോ? മറ്റുള്ളവരോട് ചെയ്യാന്‍ ആഹ്വാനം ചെയ്യാന്‍ ആര്‍ക്കും കഴിയും; എന്നാല്‍ തന്നത്താന്‍ കഴിയുന്നതെങ്കിലും ചെയ്യുന്നതാണ് യഥാര്‍ത്ഥ സേവനമനോഭാവം.
നമുക്ക് കിട്ടുന്നതില്‍ കൃത്യമായ തീയതി ഇല്ലാത്ത റിക്വസ്റ്റുകള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യാതിരിക്കാം. അല്ലെങ്കില്‍ അതില്‍ പറഞ്ഞിരിക്കുന്ന കാര്യത്തിന് ഇപ്പോഴും വാലിഡിറ്റിയുണ്ടെന്നു ‘ക്ഷമയുടെ’ ഏതെങ്കിലും വിധേന അന്വേഷിച്ച് ഉറപ്പുവരുത്തിയിട്ട് മറ്റുള്ളവര്‍ക്ക് അയയ്ക്കാം. ഉദാഹരണത്തിന്, രക്തത്തിനുള്ള അഭ്യര്‍ത്ഥന വരുന്നത് ഏതു സ്ഥലത്തുനിന്ന് എന്നറിയാതെ ആരെങ്കിലും ഫോണ്‍ നമ്പറില്‍ വിളിക്കുമോ? നമ്മുടെ പരസഹായ’പരവേശം’ മറ്റുള്ളവര്‍ക്ക് ശല്യമാകാതെയിരിക്കട്ടെ. ശരിയായ സന്ദേശം ആണെങ്കില്‍ തീയതിയും സ്ഥലവും ഉള്‍പ്പെടെ രേഖപ്പെടുത്തി അയച്ചാല്‍ എന്തെങ്കിലും പ്രയോജനം ഉണ്ടായേയ്ക്കാം. ഇനി നമ്മള്‍ തന്നെ ഒരാവശ്യത്തിന് ഒരു സന്ദേശം അയയ്ക്കുകയാണെങ്കില്‍ അതില്‍ സ്ഥലവും രക്തം ആവശ്യമുള്ള തീയതിയും വ്യക്തമായി കൊടുക്കുക. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്ത് പണം അടിച്ചെടുക്കുന്നവരും ധാരാളം ഉണ്ടെന്നറിയുക.
സന്ദേശം കിട്ടി പത്തു നിമിഷത്തിനകം പത്തുപേര്‍ക്ക് ഷെയര്‍ ചെയ്‌താല്‍ ഇപ്പത്തന്നെ ഏതോ ഒരു ദൈവം എവിടുന്നോ ഇറങ്ങിവന്ന് ഭാഗ്യം കൊണ്ടുവന്നുതരും എന്നതരത്തിലുള്ള സന്ദേശം/ചിത്രം ഫോര്‍വേഡ്/ഷെയര്‍ ചെയ്യുന്നവര്‍ അവരുടെ “ബൌദ്ധികതലം” മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നു എന്ന് കരുതിയാല്‍ മതി! ഫെയ്സ്ബുക്ക് ഷെയര്‍ ചെയ്യുമ്പോഴും ഇക്കാര്യം ഒന്നാലോചിക്കാം. ജാഗ്രതൈ! – കുഞ്ഞന്‍ പിള്ള
Discussion about this post