[ “പ്രപഞ്ചത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കുള്ള സ്ഥാനം” എന്ന പ്രബന്ധത്തില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ എഴുതിയത്. ഫെയ്സ്ബുക്ക്: www.fb.com/ChattampiSwami]
ഉത്തരവാദിത്വം ഏറുംതോറും അധികാരവും ഏറും എന്നതു പരമാര്‍ത്ഥമാണ്. മനുഷ്യലോകത്ത് ഉത്തരവാദിത്വം പുരുഷനേക്കാള്‍ സ്ത്രീക്കാണുള്ളതെന്നതെക്കാലവും അഭേദ്യമായ ഒരു സിദ്ധാന്തപക്ഷം തന്നെ. കരുണാകണിയണുവും തീണ്ടാത്തവനും, സ്ത്രീകള്‍, ഭാര്യ, ദൗഹൃദിനി, മാതാ എന്ന ഓരോ താവളങ്ങളില്‍ സഹിച്ചുപോരുന്ന ബഹുവിധക്ലേശങ്ങളെപ്പറ്റി ശാന്തമായി അവലോകനം ചെയ്താല്‍ അവന്റെ ഉള്ളമുരുകി, ആ അത്ഭുതസൃഷ്ടിയുടെ പാദാരവിന്ദങ്ങളില്‍ നമസ്‌കരിക്കുകതന്നെ ചെയ്യും. സഹനശക്തിക്കും കരുതലിനും ലോകോത്തരമായ ഉദാഹരണങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ജീവലോകം ആകമാനം പരിശോധിച്ചാലും, സ്ത്രീനിന്ദകന്മാരും തന്മൂലം നിര്‍ഘൃണന്മാരും കൃതഘ്‌നന്മാരുമായ പുരുഷപുരീഷങ്ങള്‍ പോലും സ്ത്രീകള്‍ തന്നെയെന്നേ പറയൂ.
വിചാരണബുദ്ധിയും, കൃതജ്ഞതയുമുള്ള പുരുഷന്‍ അല്പനേരം അവന്റെ മനം ഒന്നു നിര്‍ത്തി ആലോചിക്കട്ടെ. നോക്കുക, അവരുടെ ദുരന്തമായ ദുഃഖങ്ങളും ഉത്തരവാദിത്വബഹുലങ്ങളും, ആഹോ! മായാവിലാസം! ഈ വന്ദ്യഗാത്രികള്‍ ഇതെല്ലാം ആര്‍ക്കുവേണ്ടി എന്തിനായി അനുഭവിക്കുന്നു. പുരുഷന്റെ കൃതജ്ഞതയും ഒന്നും അവര്‍ ആവശ്യപ്പെടുകയുമില്ല. അവ എത്ര നിസ്സാരങ്ങള്‍! പത്തുമാസം വയറ്റില്‍ കഷ്ടപ്പെട്ടു ഭേസി, ദുര്‍വാരവേദനയനുഭവിച്ച് പ്രസവിച്ചുണ്ടാകുന്ന കുഞ്ഞിനെ, അമ്മ എത്രതന്നെ വികൃതവും വിരൂപവുമായിരുന്നാലും, അതിന്റെ അമ്മ അതിന്റെ മലമൂത്രാദികളില്‍ സ്വയം ആറാടിത്താലോലിച്ച് തീറ്റികൊടുത്ത് വളര്‍ത്തിപ്പോരുന്നു. താന്‍ അംഗവികലനും രോഗിയും സകലകാര്യത്തിനും പരാശ്രയം തന്നെ ശരണമായിട്ടുള്ളവനും ആയിരുന്നിട്ടൂകൂടിത്തന്നെ എത്രയെന്നില്ലാതെ ബുദ്ധിമുട്ടിപ്പോറ്റുന്ന തള്ളയെപ്പറ്റി നന്ദിയോടെ സ്മരിക്കുന്നതിനു പകരം, തന്നാലാവുന്ന ദ്രോഹവും ശല്യവും ചെയ്തുവരുന്ന പുത്രങ്കല്‍കൂടി സദാസമയവും യാതൊരു പ്രത്യുപകാരമോ, ആകാംക്ഷയോ കൂടാതെ അകളങ്കകരുണയോടെ അവന്‍ നന്നായി വരണേ സൗഖ്യമായിരിക്കണേ എന്നുള്ള വിചാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന മാതാവിന്റെ മഹിമ മറ്റാര്‍ക്കുകിട്ടും?
പിന്നെ, സ്വശരീരരക്ഷയ്ക്കു യാതൊന്നും കൊണ്ടുവരാതെയും അവനവന്റെ ബാല്യദശയില്‍ സ്വേച്ഛയായി കൈകാലുകള്‍ കൂടി അനക്കുവാന്‍ വയ്യാതെയും, നിലവിളിക്കുവാനല്ലാതെ മറ്റുയാതൊന്നിനും ത്രാണിയില്ലാതിരിക്കുന്ന അവസരം മുതല്‍ പ്രാണാന്തത്തോളം പുത്രക്ഷേമം അന്വേഷിച്ചു വര്‍ത്തിക്കുന്ന മാതൃസ്‌നേഹശക്തിക്കു തുല്യമായ ശക്തി ലോകത്തില്‍ മറ്റുയാതൊന്നുമില്ല.
മക്കളുണ്ടായാല്‍ പ്രായം വരുന്നതുവരേക്കു മാത്രമേ മാതൃശുശ്രൂഷ ആവശ്യമുള്ളൂ എന്നും, അതുവരേക്കുമാത്രമേ അതു നിലനില്‍ക്കുന്നുള്ളുവെന്നും, അത്രത്തോളം ശൂശ്രൂഷിക്കേണ്ടത് അവരുടെ കടമയാണെന്നല്ലാതെ തങ്ങള്‍ക്കു യാതൊരു ബാദ്ധ്യതയുമില്ലെന്നും ശഠിക്കുന്ന പരിഷ്‌കാരികളുണ്ട്. ഈ കൃതഘ്‌നന്മാരോട് അവരെ ഈ ലോകത്തിലേക്ക് ആര്‍ വിളിച്ചിട്ടാണ് വന്നത് എന്നും ഇത്ര പരമ ദുഷ്ടന്മാരെയല്ല ക്ഷണിച്ചിരുന്നതെന്നും പറകയല്ലാതെ ഗത്യന്തരമില്ല.
ബാല്യത്തിലുള്ള മാതൃശുശ്രൂഷ കഴിഞ്ഞിട്ടും, പിന്നെയും മരണംവരെ മാതാവു തന്നെയാണ് സകല ശ്രേയസ്സിനും ഹേതുവെന്നുള്ളതും വാസ്തവമാണ്. കാലംകൊണ്ടും പ്രായപൂര്‍ത്തികൊണ്ടും അവയവപൂര്‍ത്തികൊണ്ടും വികാരഭേദങ്ങള്‍കൊണ്ടും ബാല്യാല്‍പരം മാതാവിനു കുട്ടികളെ ശുശ്രൂഷിക്കാന്‍ തരമില്ലാതെ വരുമ്പോള്‍ മാതാവ് അവരെ വിവാഹാദിക്രിയകള്‍ ചെയ്ത് ഒരു സ്ത്രീയെ ഭാരമേല്പിക്കുന്നു എന്നിരിക്കിലും അവന്‍ സദാസമയവും എന്തുചെയ്യുന്നോ, അവനുസുഖം തന്നെയോ എന്നും മറ്റുമുള്ള ചിന്താവ്യാപാരങ്ങള്‍ മാതാവിന്റെ മനസ്സില്‍ നിന്നു വിട്ടുപിരിയുന്നില്ല. അവരുടെ അനുഗ്രഹസൂചകവും അന്‍പുചൊരിയുന്നതുമായ ആ വിചാരം തന്നെയാണ് പിന്നീട് മക്കള്‍ക്കു ശ്രേയസ്സിനു കാരണമായിത്തീരുന്നത്.
‘ഇച്ഛാമാത്രം പ്രഭോഃ സൃഷ്ടി’ ഇച്ഛാമാത്രം കൊണ്ട് ഭഗവാന്‍ എല്ലാം സൃഷ്ടിക്കുന്നു- എന്നപോലെ അമ്മയുടെ അനുഗ്രഹം കൊണ്ടുതന്നെ മക്കളും പ്രപഞ്ചത്തില്‍ പുലരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ പുരുഷനെ ഒരു കാലത്തു ജനിപ്പിച്ച സാക്ഷാല്‍ അമ്മയും, പിന്നൊരു കാലത്തു തല്‍ക്കാലം ഭാര്യയായിരുന്ന്, താന്‍ പുത്രരൂപേണ ജനിക്കുവാന്‍ ഇടയാക്കുന്നതും ജീവാവസാനം താനൊരുമിച്ചിരിക്കുന്നതുമായ അമ്മയും ആണ്, സകല കാര്യവും അന്വേഷിച്ച് നടത്തുന്നതെന്നു തെളിയും.
ഇങ്ങനെ ലോകദൃഷ്ട്യാ നോക്കുമ്പോള്‍, പുരുഷനേക്കാള്‍ ഉത്തരവാദിത്വവും തന്മൂലമായ അധികാരവും സ്ത്രീക്കാണെന്നതില്‍ രണ്ടുപക്ഷമില്ല എന്നുതന്നെ പറയാം. അതുകൊണ്ട് നമ്മുടെ മാതാപിതാക്കളത്രേ സര്‍വവും ഭരിക്കുന്നത് എന്നതിന് സംശയമില്ല – എന്നു പറയുമ്പോള്‍ സാമുദായികമായി സര്‍വപ്രാധാന്യവും സ്ത്രീക്കാണ് എന്നു വരുന്നു. ശരിയായിട്ടുള്ളതും ഇതുതന്നെ.