[ “പ്രപഞ്ചത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കുള്ള സ്ഥാനം” എന്ന പ്രബന്ധത്തില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ എഴുതിയത്. www.fb.com/ChattampiSwami]
പരമാര്‍ത്ഥത്തില്‍ പുരുഷനും സ്ത്രീയും അന്യോന്യം ആശ്രയിക്കാതെ കഴിവില്ലെങ്കിലും പുരുഷന്റേതു സ്ത്രീയെ അപേക്ഷിച്ചുനോക്കുകയാണെങ്കില്‍, ഒരു ഉദാസീനന്റെ നില മാത്രമാണ്. ബ്രഹ്മസാന്നിദ്ധ്യം മാത്രം കൊണ്ട് സര്‍വപ്രപഞ്ചരചനയ്ക്കും മൂലശക്തിയെ ശക്തമാക്കിത്തീര്‍ക്കുന്നതുപോലെ പുരുഷന്‍ സ്ത്രീക്കു വശംവദനായി നിന്ന് ഓരോ ശരീരപ്രപഞ്ചത്തെ സൃഷ്ടിച്ചു സംസാരചക്രം പ്രവര്‍ത്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവന്‍ പ്രസവാദിയായ ക്ലേശങ്ങളും, ഗൃഹഭരണാദി കൃത്യഭാരങ്ങളും ഇല്ലാത്തവനും, അവന്റെ ശരീരനിര്‍മ്മാണം അവയ്ക്കു പറ്റാത്തതും ആണ്.
കാര്യപ്രപഞ്ചത്തില്‍, പുരുഷനേക്കാള്‍ അധികം ക്ലേശവും ബുദ്ധിമുട്ടും ഉത്തരവാദിത്വവും സ്ത്രീക്കാകയാലും, സമുദായ വൃദ്ധിക്ഷയങ്ങള്‍ക്കു സ്ത്രീയുടെ കാര്യഭരണം വാസ്തവത്തില്‍ ഹേതുവായിരിക്കകൊണ്ടും അവള്‍ക്കാണ് രണ്ടിലും പ്രാധാന്യമുള്ളത്. ഏതു പാഴ്‌വേലചെയ്തും കാടുകയറിയും നാടോടിയും, തെണ്ടിത്തിരിഞ്ഞും സ്വന്തം കടമ നിര്‍വഹിച്ചു സ്വജനപരിരക്ഷ ചെയ്യേണ്ടതിനത്രേ പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ സ്വഗൃഹങ്ങളില്‍ ഇരുന്ന് ഇച്ഛാമാത്രശക്തിയാലും സാമര്‍ത്ഥ്യം കൊണ്ടും അവരവര്‍ക്കു വിഹിതമായിട്ടുള്ള കാര്യഭരണം ചെയ്ത് ധര്‍മനിഷ്ഠകൊണ്ടു സ്വഗൃഹപരിസരം മുതല്‍ ഭൂമിയൊട്ടുക്ക് അജ്ഞാതശക്തിയില്‍ പെടുത്തി ഭരിക്കത്തക്കവണ്ണം നിപുണതയും അധികാരവും അവകാശവും സ്ത്രീക്കാണു കൊടുത്തിരിക്കുന്നത്.
പുരുഷന്റെ സാക്ഷിത്വസഹായത്തില്‍ സ്ത്രീ സര്‍വതന്ത്രസ്വതന്ത്രയായ ത്രൈലോക്യനായികയും ആണ്. അല്ലാതെ മൂഢമതികള്‍ പറകയും ആചരിക്കുകയും ചെയ്യുംവണ്ണം ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നു കല്പിച്ച് കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും, അസ്വതന്ത്രയുമായ അടിമയായും, കേവലം പുത്രോല്‍പാദനത്തിനുള്ള ഒരു യന്ത്രമായും കരുതുകയും, പുരുഷന്‍ എന്തു തോന്ന്യാസവും കാണിക്കാമെന്നുള്ള ഗര്‍വോടുകൂടി സകല കാര്യങ്ങളും ശരിയായി ഭരിക്കാന്‍ തനിക്കേ കെല്പുള്ളുവെന്നു ശഠിക്കയും ചെയ്യുന്നതു തെറ്റും, ന്യായത്തിനും ധര്‍മ്മത്തിനും കാര്യത്തിനും ഏറ്റവും വിരുദ്ധവും ആകുന്നു.
ഇതിന്റെ അര്‍ത്ഥം ഇപ്പോള്‍ ഉദ്യോഗാദി രാജ്യഭരണകാര്യങ്ങള്‍ ചെയ്തുതരുന്ന പുരുഷന്മാര്‍ സ്ത്രീകള്‍ക്കിടം ഒഴിഞ്ഞുകൊടുത്ത് ഗൃഹത്തില്‍ചെന്ന് ശിശുക്കളെ പോറ്റിവളര്‍ത്തണമെന്നോ, ഗൃഹത്തിലിരുന്ന് അന്യാദൃശമായ സ്വയംഭരണശക്തി ലോകമൊട്ടുക്കു വ്യാപിപ്പിക്കേണ്ട സ്ത്രീകള്‍ ഗൃഹം വിട്ടു കെട്ടിഞെളിഞ്ഞ് രാജ്യകാര്യാദികള്‍ നടത്തുകയോ സഭകൂടി പ്രസംഗങ്ങള്‍ തട്ടിമൂളിക്കുകയോ ചെയ്യണമെന്നല്ല.
അവരുടെ ഗൃഹം ഒരു ചെറിയ ലോകമായും, അതിലെ അംഗങ്ങളെ ഭൂതലവാസികളായും ഉപമിക്കാം. ആ ഗൃഹത്തില്‍ തന്റെ കൃത്യം അറിഞ്ഞ് ധര്‍മ്മിഷ്ഠയായി കാര്യഭരണം നടത്തി അവിടെയുള്ള സകല പരിപുഷ്ടിക്കും ക്ഷേമത്തിനും കാരണമായിത്തീരുന്ന നായികയാണ്, ലോകൈക ചക്രവര്‍ത്തിനി. അങ്ങനെ എല്ലാ കാര്യവും ഇരുന്നിടത്തിരുന്നു നടത്തുവാന്‍ ശേഷിയും, അധികാരവും അവകാശവും സ്ത്രീക്കുണ്ടായിരിക്കയാലും അതിനുവേണ്ട ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിലേയ്ക്കു പുരുഷന്‍ കടപ്പെട്ടവനായിരിക്കയാലും, സ്ത്രീക്കു തന്റെ വിധിവിഹിതമായിരിക്കുന്നതു ഉത്തമധര്‍മ്മം നടത്തുവാന്‍ വേഷമണിഞ്ഞു പുറപ്പെടുകയോ അതിനായി തനിക്കു സ്വതേ സ്ത്രീയാകനിമിത്തം പ്രകൃതി കല്പിച്ചിരിക്കുന്നതിലധികം കായക്ലേശവും മനക്ലേശവും അനുഭവിക്കുകയോ ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെ ഇല്ല.
Discussion about this post