[ “പ്രപഞ്ചത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കുള്ള സ്ഥാനം” എന്ന പ്രബന്ധത്തില്‍ Sree Chattampi Swamikal എഴുതിയത്. ]
നമ്മെ വയറ്റിനുള്ളില്‍ ചുമന്നു പല സങ്കടങ്ങളും അനുഭവിച്ചു, പെറ്റ് ഓമനിച്ചു വളര്‍ത്തി, നമ്മുടെ യോഗക്ഷേമങ്ങളില്‍ ജാഗരൂകയായി നമ്മെ നിത്യവും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അമ്മയ്ക്ക് പുത്രരായ നാം എന്തു പ്രത്യുപകാരമാണ് ചെയ്യാന്‍ സാധിക്കുന്നത്? ഒന്നും സാധിക്കുകയില്ല. ഉള്ളലിവിനും ക്ഷമയ്ക്കും ഇരിപ്പിടമായ ആ മൂര്‍ത്തിവിശേഷത്തിനായ്‌ക്കൊണ്ട് നിത്യവും നമസ്‌കാരങ്ങള്‍ ചെയ്യുകയേ നിര്‍വ്വാഹമുള്ളൂ.
ജനനിയുടെ ആകാംക്ഷകൊണ്ടും, കായക്ലേശങ്ങള്‍കൊണ്ടും മനഃക്ലേശംകൊണ്ടും പിതാവിന്റെ സാന്നിദ്ധ്യംകൊണ്ടും ജനിച്ചുണ്ടായിവരുന്ന സ്ത്രീപുരുഷന്മാര്‍ക്കു അവരവരുടെ നിലയ്ക്കും ശരീര നിര്‍മ്മാണത്തിനും അനുസരിച്ചു കടമയുണ്ട്. സകല ശരീരങ്ങള്‍ക്കും പ്രഥമമായ കടപ്പാട് ആ അത്ഭുതമൂര്‍ത്തിയായ അമ്മയുടെ നേര്‍ക്കാണെന്നുമാത്രം കരുതിക്കൊള്ളണം. ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ’ (അമ്മയും ജന്മനാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരങ്ങളാണ്) എന്ന പ്രമാണം ഇവിടെ സ്മരണീയം തന്നെ. ഈ കടമ തീര്‍ക്കുന്നതിനു സദാ പ്രയത്‌നിക്കുന്ന അത്യുത്തമ പുത്രനുംകൂടി സാധിക്കുന്നതല്ല.
സാന്നിദ്ധ്യംകൊണ്ട് നമ്മുടെ അമ്മയെ സഹായിക്കുന്ന അച്ഛന്റെ നേര്‍ക്കാണ് രണ്ടാമത്തെ കടമ. തന്റെ അമ്മയുടെ അധിവാസത്തിനും രക്ഷയ്ക്കും തന്നെ പ്രസവിക്കുന്നതിനും ഇടം അനുവദിച്ചുതന്ന തന്റെ ഗൃഹമത്രേ മൂന്നാമതായി പ്രാധാന്യം അര്‍ഹിക്കുന്നത്.
അമ്മ ജഗദംബയും, അച്ഛന്‍ ജഗല്‍പിതാവും എന്നു സങ്കല്പിച്ചപ്പോള്‍ നമ്മുടെ ഗൃഹം പവിത്രമായ ഒരു ക്ഷേത്രമാകുന്നു.
Discussion about this post