[ കൊല്ലവര്‍ഷം 1097ല്‍ ശ്രീ.ടി.ആര്‍. അനന്തക്കുറുപ്പിന് ചട്ടമ്പിസ്വാമികള്‍ അയച്ച ഒരു കത്തിന്റെ പൂര്‍ണ്ണ രൂപം. “ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും കൃതികളും” എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തത്. ]
എനിക്ക് എത്രയും പ്രിയമുള്ള ഉത്തമഭക്തശിരോമണിയായിരിക്കുന്ന അനന്തന്‍കുറുപ്പവര്‍കള്‍ക്ക്
സദയം അയച്ചു തന്ന ലേഖനവും പ്രേമാഞ്ജലി എന്ന പുസ്തകവും കിട്ടി. വളരെ വളരെ സന്തോഷമായി.
ഉറങ്ങിക്കിടക്കുന്ന ചെറിയകുട്ടികളെ പാല്‍കൊടുത്ത് തൃപ്തിപ്പെടുത്തി സുഖിപ്പിക്കുന്നതിന്ന് അമ്മമാര്‍ സൂത്രത്തില്‍ തട്ടി ഉണര്‍ത്തുന്നതുപോലെ.
അജ്ഞാനാന്ധകാരം ഹേതുവായിട്ട് മയങ്ങി ജനന മരണ രൂപ സംസാരലോകത്തിലകപ്പെട്ടു നിദ്രചെയ്യുന്ന ജനസമൂഹത്തെ, ബ്രഹ്മജ്ഞാനോപദേശശ്രവണമാകുന്ന ക്ഷീരപാനം കൊണ്ട് പരോക്ഷജ്ഞാനനിലയും, മനന നിദിധ്യാസങ്ങള്‍ കൊണ്ട് ബ്രഹ്മാപരോക്ഷസാക്ഷാല്‍ക്കാരാനുഭൂതിനിലയും ലഭിക്കുന്നതിന്, സദ്ഗുരുപാദ സന്നിധിയില്‍ കൂട്ടി വിടുവാന്‍ സമ്പ്രദായത്തിലെങ്കിലും, അതു മഹാ ചക്രവര്‍ത്തിയുടെ ആജ്ഞയെന്നപോലെ, ഗൗരവതരമായും ശീഘ്രഗതിയിലും തട്ടിയുണര്‍ത്തി പൂര്‍വ്വോക്തമാര്‍ഗ്ഗത്തിലുള്ള വൈഷമ്യത്തേയും വൈഷമ്യം നേരിടാതിരിക്കുന്നതിലേക്കുള്ള അതിസൂക്ഷ്മ ദൃഢനോട്ടത്തേയും ബോധിപ്പിക്കുന്ന (അവസാനത്തില്‍ ബ്രഹ്മസാക്ഷാല്‍ക്കാരഫലത്തെ കൊടുക്കുന്ന) രണ്ടു ശ്രുതി (ഉപനിഷത്ത്) വാക്യങ്ങളുടെ തര്‍ജ്ജിമയായ രണ്ട് ഓമന മലയാള പദ്യങ്ങളെ ശിരസ്സില്‍ ധരിച്ചുകൊണ്ട് മുക്തിമാര്‍ഗ്ഗപ്രദമായിരിക്കുകയാല്‍ ഈ പുസ്തകത്തിന്-
അതിശീതളാമൃതകിരണപ്രകാശങ്ങളെ കൊടുക്കുന്ന ചന്ദ്രനെ ശിരസ്സില്‍ ധരിച്ചുകൊണ്ട് മോക്ഷപ്രദനായിരിക്കുന്ന പരമശിവന്റെ മാഹാത്മ്യമുണ്ട്. അമൃതാനന്ദ സരണിയില്‍ സഞ്ചരിക്കേണമെന്നിച്ഛിക്കുന്ന മുമുക്ഷുക്കള്‍ക്ക് ഈ പുസ്തകം വലുതായ ഉപകാരപ്രദമായിരിക്കും.
ഇപ്രകാരമുള്ള സല്‍പ്രവൃത്തികളെ നിരന്തരം ചെയ്തുകൊണ്ട് ഈ മനുഷ്യ ജന്മത്തെ സഫലമാക്കിത്തീര്‍ക്കുന്നതിലേക്കുള്ള സദാചാരാനുഷ്ഠാനങ്ങളോടുകൂടി ദീര്‍ഘായുഷ്മാനായി ഭവിക്കുന്നതിലേക്കു കൃപചെയ്യേണമേ എന്ന് ഈശ്വരനോടുപ്രാര്‍ത്ഥിക്കുന്നു.
ശുഭം ശുഭം ശുഭം
എന്ന് പ്രിയമുള്ള ചട്ടമ്പി (ഒപ്പ്)
Discussion about this post