62 കൊല്ലം മുന്‍പ് പ്രസിദ്ധീകരിച്ച ‘ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥ‘ത്തില്‍ ‘വ്യാസനും ശങ്കരനും അഥവാ മൂലവും ഭാഷ്യവും‘ എന്ന തലക്കെട്ടില്‍, സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ എഴുതിയത്. സുഗതകുമാരി, ഹൃദയകുമാരി എന്നിവരുടെ അച്ഛനാണ് ബോധേശ്വരന്‍.
“ഈ രാജ്യത്തെ ക്രിസ്തുമതപ്രചാരണം സ്വാമിയിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങളെന്താണെന്ന് അറിയണമെന്നുള്ളവര്‍ ‘ക്രിസ്തുമതച്ഛേദനം‘ ഒന്നു വായിച്ചിരിക്കേണ്ടതാണ്. ഭാരതത്തിന്റെ സംസ്‌കാരത്തേയും തദ്വാരാ ഭാരതത്തേയും സംരക്ഷിക്കണമെന്നുള്ളവര്‍ക്ക് ഈ രാജ്യത്ത് വിദേശീയമതങ്ങളെ അടിച്ചേല്പിക്കുവാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സമചിത്തതയോടെ കഴിഞ്ഞുപോകുവാന്‍ ഒക്കുന്നതല്ലല്ലോ.
സ്വാമിയുടെ അറിയപ്പെട്ടിരുന്ന കാലത്ത് രചിക്കപ്പെട്ട ഈ കൃതി (‘ക്രിസ്തുമതച്ഛേദനം’) ഭാരതീയ ദാര്‍ശനികന്മാരുടെ വീക്ഷണകോടിയില്‍ക്കൂടി ഒരു മതപ്രമാണത്തെ സമീപിക്കുന്ന സമ്പ്രദായത്തില്‍പ്പെട്ടതാണ്. എന്നാല്‍ കരുവാ കൃഷ്ണനാശാന്‍, കാളിയാങ്കല്‍ തുടങ്ങിയ ശിഷ്യസത്തമന്മാര്‍ ആ വഴിക്കുള്ള മതഖണ്ഡനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഉഗ്രതരമാക്കിച്ചെയ്തിരുന്നു എന്ന് എനിക്ക് മനസ്സിലാക്കുവാന്‍ സംഗതിയായിട്ടുണ്ട്.
വെളിയില്‍നിന്നുള്ള യാതൊരു ബോധനങ്ങളും ലഭിക്കാനില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഹിന്ദുക്കള്‍ക്കുവേണ്ടത് എന്താണെന്നറിയുവാന്‍ സ്വാമിക്ക് (ചട്ടമ്പിസ്വാമികള്‍ക്ക്) ഉണ്ടായിരുന്ന കഴിവുകളെ വേണ്ടവര്‍ വേണ്ടതരത്തില്‍ കണ്ടറിഞ്ഞില്ലാ എന്നുള്ളത് വിശിഷ്യാ പ്രസ്താവിക്കണമെന്നില്ലല്ലോ.”
Discussion about this post