[ചട്ടമ്പിസ്വാമികളുടെ കത്തുകളില്‍ ഹൃദയം നിറഞ്ഞുകവിഞ്ഞൊഴുകുന്ന പരിശുദ്ധ പ്രേമപ്പൂനിലാവിന്റെ കുളില്‍മ കാണാന്‍ കഴിയും, വിശേഷിച്ചും കുഞ്ഞുങ്ങള്‍ക്കുള്ള കത്തുകളില്‍. അദ്ദേഹത്തിന് കത്തയച്ച ഒരു കൊച്ചനന്തിരവള്‍ക്ക് അയച്ച മറുപടിയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.]
എന്റെ തങ്കയോമനപ്പരിമള സന്താനപ്പൂന്തേന്‍കുഴമ്പേ,
പരിപൂര്‍ണ്ണമായി ഉദിച്ചു ചൊരിയുന്ന പുത്തന്‍ പൂവെണ്ണിലാവേ,
നാദാനന്ദത്തില്‍ ശ്രോത്രഹൃദയങ്ങളെ തന്മയമായിലയിപ്പിക്കുന്ന സംഗീതനിധിയായ കൊച്ചു പൊന്നു കോമളമരുമകളേ,
നിന്റെ ചെറിയ പരിമളപ്പൂക്കൈ കൊണ്ടെഴുതിയ ആനന്ദലേഖനം കണ്ട് നിന്നെ നേരിട്ടു കണ്ടതില്‍ പതിന്മടങ്ങു സന്തോഷം എനിക്കുസിദ്ധിച്ചു. ഭാസ്‌കരഭാഗവതര്‍ ധൃതിപ്പെടുത്തിയതുകൊണ്ട് മനസ്സിലുദിച്ചതുപോലെ ഏകദേശമെങ്കിലും എഴുതാതെ നിറുത്തുന്നു. വിളക്കില്ല; ഇരുട്ടുമാണ്.
എന്റെ പൊന്നോമനത്തങ്കക്കുടത്തിന് സകല മംഗളങ്ങളും ഭവിക്കട്ടെ.
‘അണഞ്ചാന്‍ കെട്ടിയ കിടകിടന്താന്‍ കിട’ എന്ന മട്ടില്‍ കിടക്കുന്ന ഈ കിഴട്ടുവലിഞ്ഞ അമ്മാവന്‍. (എങ്കിലും എന്റെ സ്‌നേഹത്തിന് ബലപ്പെട്ട അഴിവില്ലാത്ത പതിനാറുവയസ്സാണ്.)
ശുഭം.
ഓം തത് സത്
[ ‘അണഞ്ചാന്‍ കെട്ടിയ കിടകിടന്താന്‍ കിട‘ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം എന്താണെന്ന് അറിയില്ല. അറിയുന്നവര്‍ താഴെ എഴുതുമല്ലോ.]
Discussion about this post